സുഭാഷ് ചന്ദ്രയ്ക്ക് തിരിച്ചടി; കടം വെട്ടിക്കുറച്ചതിന് സ്റ്റേ, സ്വത്ത് വിൽക്കാന് വിലക്ക്

റിതിന് പൗലോസ്
Published on Sep 02, 2026, 12:18 AM | 1 min read
ന്യൂഡൽഹി : ബിജെപി നേതാവ് സുഭാഷ് ചന്ദ്രയുടെ 22,006 കോടിരൂപയുടെ കടം ആറരക്കോടിയായി വെട്ടിക്കുറച്ച ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) ആഗസ്ത് 25ന് പുറപ്പെടുവിച്ച ഉത്തരവ് അഞ്ചംഗ ബെഞ്ച് സ്റ്റേചെയ്തു. ട്രൈബ്യൂണൽ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് അനുപീന്ദർ സിങ് ഗ്രേവാളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സ്റ്റേ ചെയ്തത്. വായ്പകൾക്ക് വ്യക്തിഗത ഗ്യാരണ്ടി നൽകിയ സുഭാഷ് ചന്ദ്ര, സ്വത്തുക്കൾ നേരിട്ടോ അല്ലാതെയോ വിൽപ്പന നടത്തുന്നതും വിലക്കി. വായ്പാതിരിച്ചടവ് ഹർജി പുതിയ ബെഞ്ച് ആദ്യംമുതൽ കേൾക്കും. ഇതിന് കക്ഷികൾക്ക് നോട്ടീസയച്ചു. കടംവെട്ടിക്കുറച്ചതിനെ എച്ച്ഡിഎഫ്സി, കാനറ, യൂണിയൻ ബാങ്കുകള് ഉന്നയിച്ച എതിർപ്പ് വിശദമായി പരിഗണിക്കണമെന്നും നിരീക്ഷിച്ചു. ജുഡീഷ്യൽ അംഗങ്ങളായി വെങ്കട്ട് ബലറാം ദാസ്, മഹേന്ദ്ര ഖണ്ഡേൽവാൾ, സാങ്കേതിക അംഗങ്ങളായി അതുൽ ചതുർവേദി, രവീന്ദ്ര ചതുർവേദി എന്നിവരും അഞ്ചംഗ ബെഞ്ചിലുണ്ട്.
സുഭാഷ് ചന്ദ്രയുമായി ബന്ധമുള്ള സ്ഥാപനങ്ങളുടെ വോട്ടിങ് ശതമാനത്തിന്റെ ബലത്തിലാണ് അന്യായ തിരിച്ചടവ് പദ്ധതി അടിച്ചേൽപ്പിച്ച് രണ്ടംഗബെഞ്ച് നേരത്തെ ഉത്തരവിട്ടത്. പൊതുപണം കൊള്ളയടിക്കാന് ഇടയാക്കുന്നതിനെതിരെ രാജ്യവ്യാപക വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെ, കടം വെട്ടിക്കുറച്ച് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചിട്ടില്ലെന്ന് തിങ്കളാഴ്ച രണ്ടംഗ ബെഞ്ച് ഉത്തരവിറക്കി. തുടര്ന്ന് വിഷയം ട്രൈബ്യൂണൽ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് അനുപീന്ദർ സിങ് ഗ്രേവാളിന് വിട്ട് അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. സ്വത്ത് കുറച്ചുകാട്ടിയാണ് സുഭാഷ് ചന്ദ്ര കടം വെട്ടിക്കുറയ്ക്കാനുള്ള ആനുകൂല്യം നേടാന് ശ്രമിച്ചതെന്നും സ്വത്തുക്കളുടെ ഫോറൻസിക് ഓഡിറ്റ് വേണമെന്നും ബാങ്കുകള് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ബെഞ്ച് അംഗീകരിച്ചാൽ വായ്പക്കൊള്ളയുടെ സമഗ്രചിത്രം പുറത്തുവരും. അതോടെ സുഭാഷ് ചന്ദ്രയ്ക്ക് കൂട്ടുനിന്ന കേന്ദ്രസർക്കാരും പ്രതിക്കൂട്ടിലാകും.









0 comments