സർക്കാർ സ്കൂളിൽ പരസ്യമായി വിദ്യാർഥിനികളുടെ മദ്യപാനം; പ്രധാനാധ്യാപികയെ സ്ഥലംമാറ്റി

Photo: India Today
തക്കല: സർക്കാർ സ്കൂളിൽ പരസ്യമായി മദ്യപിക്കുന്ന വിദ്യാർഥിനികളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലംമാറ്റി. തക്കല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ എന്നാണ് പുറത്ത് വന്ന വീഡിയോയിൽ പറയുന്നത്. സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രധാനാധ്യാപകയായ പ്രമീള ഇവാഞ്ചലിനെ നാഗർകോവിലിലെ വടശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കാണ് സ്ഥലംമാറ്റിയത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
വിദ്യാർഥികളുടെ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്കൂളിലെ സുരക്ഷയെ കുറിച്ചും മേൽനോട്ടത്തെ കുറിച്ചും വലിയ ആശങ്കയ്ക്ക് വഴിവെച്ചു. മത്സരപരീക്ഷകൾക്കായുള്ള സ്പെഷ്യൽ ക്ലാസുകൾക്ക് ശേഷമാണ് വിദ്യാർഥികളുടെ പരസ്യമായ മദ്യപാനമെന്നാണ് വിവരം. ഒരു കൂട്ടം വിദ്യാർഥികൾ ക്ലാസ് മുറിയിലിരുന്ന് കുപ്പികളും ഭക്ഷണപ്പൊതികളും കൈകാര്യം ചെയ്യുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. കൂട്ടത്തിലുള്ള വിദ്യാർഥിനിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്.
സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. പിന്നാലെ കന്യാകുമാരി ജില്ലാ കളക്ടർ ഉടനടി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ എപ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ദൃശ്യങ്ങളിൽ കാണുന്നവർ ഈ സ്‌കൂളിലെ വിദ്യാർഥികളാണോ, ക്യാമ്പസിലേക്ക് മദ്യം എങ്ങനെ എത്തി, ആ സമയത്ത് കൃത്യമായ നിരീക്ഷണം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അന്വേഷണ റിപ്പോർടിന്റെ അടിസ്ഥാനത്തിൽ അധികൃതർ തുടർനടപടികൾ സ്വീകരിക്കും.









0 comments