Deshabhimani

സ്കൂളിൽ പോയിവരാൻ പ്രതിമാസ യാത്രാച്ചെലവ് 400 രൂപയിലധികം; കുട്ടികൾക്കിഷ്ടം നടത്തമെന്ന് സർവേ

Students
വെബ് ഡെസ്ക്

Published on Oct 06, 2026, 07:26 PM | 2 min read

ന്യൂഡൽഹി : ഇന്ത്യയിലെ വിദ്യാർഥികൾക്ക് സ്കൂളിലേക്കും കോളേജിലേക്കും പോയി വരുന്നതിനായി പ്രതിമാസം 400 രൂപയിലധികം ചെലവു വരുന്നതായി കേന്ദ്ര സർക്കാരിന്റെ പുതിയ സർവേ. വീട്ടിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 23 മിനിറ്റ് സമയം എടുക്കുന്നതായും സർവേയിലുണ്ട്. നഗരമേഖലയിലേയും ​ഗ്രാമങ്ങളിലേയും വിദ്യാർഥികളുടെ യാത്രാച്ചെലവ് തമ്മിൽ വലിയ അന്തരമുള്ളതായി റിപ്പോർട്ട് പറയുന്നു. ന​ഗരത്തിൽ ജീവിക്കുന്ന ഒരു വിദ്യാർഥിക്ക് പ്രതിമാസം 600 രൂപയിൽ കൂടുതലാണ് യാത്രാച്ചെലവ്. അതേസമയം, ​ഗ്രാമത്തിൽ താമസിക്കുന്ന ഒരു വിദ്യാർഥിക്ക് പ്രതിമാസ യാത്രച്ചെലവ് 361 രൂപ മാത്രമാണ്. ന​ഗരങ്ങളിലെ യാത്ര ചെലവേറിയതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. എന്നാൽ യാത്രാ സമയത്തിന്റെ കാര്യത്തിൽ ന​ഗരങ്ങളും ​ഗ്രാമങ്ങളും തമ്മിൽ വ്യത്യാസമില്ല.


വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സാധാരണയായി നടന്ന് പോകുന്നതാണ് ഏറ്റവും സാധാരണമായ രീതിയെന്നും സർവേ വിലയിരുത്തുന്നു. ഏകദേശം 37 ശതമാനം പേരും നടന്നാണ് സ്കൂളുകളിലേക്കും കോളേജിലേക്കും പോകുന്നത്. വിദ്യാർഥികളിൽ 29.5 ശതമാനം പേർ ബസിനെയും, 15.8 ശതമാനം പേർ സൈക്കിളിനെയും ആശ്രയിക്കുന്നു. ഓട്ടോറിക്ഷ ഉപയോ​ഗിക്കുന്നവുർ 10.5 ശതമാനമാണ്. ടു വീലറുകളെ ആശ്രയിക്കുന്നവർ 6.7 ശതമാനം പേരും. നഗരമേഖലയിൽ 14.4 ശതമാനം വിദ്യാർഥികളും ഓട്ടോറിക്ഷയാണ് ഉപയോഗിക്കുന്നത്.


ഇന്ത്യയിലെ വിദ്യാർഥികളിൽ 66.4 ശതമാനത്തിലധികം പേരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദിവസവും ഒരു കിലോമീറ്ററിലധികം യാത്ര ചെയ്യുന്നവരാണ്. ​ഗതാ​ഗതക്കുരുക്കും മറ്റു തടസങ്ങളുമുണ്ടെങ്കിലും 87.6 ശതമാനം വിദ്യാർഥികൾക്കും 30 മിനിറ്റിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താനാകുന്നതായി സർവേ വ്യക്തമാക്കുന്നു.


സ്ഥിരമായ യാത്രച്ചെലവ് ഉയർന്നത് 15 മുതൽ 29 വയസുവരെയുള്ള വിദ്യാർഥികളിലാണ്. ഗ്രാമപ്രദേശങ്ങളിൽ ഈ വിഭാഗത്തിലെ 79.1 ശതമാനം പേരും, നഗരങ്ങളിൽ 73.3 ശതമാനം പേരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സ്ഥിരം യാത്രചെയ്യുന്നവരാണ്.വിദ്യാർഥികളുടെ യാത്രാച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ, തൊഴിലാളികളുടെ പ്രതിമാസ യാത്രാ ചെലവ് രാജ്യത്ത് 785 രൂപയാണ്. നഗരങ്ങളിൽ ഇത് 1,044 രൂപയും ഗ്രാമങ്ങളിൽ 612 രൂപയുമാണ് തൊഴിൽ സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ചെലവഴിക്കുന്നത്.


2025 ജൂലൈ മുതൽ 2026 ജൂൺ വരെ നടത്തിയ ആദ്യ സമഗ്ര ദേശീയ കുടുംബ യാത്രാ സർവേ റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 4,92,023 കുടുംബങ്ങളിലെ 20,34,371 പേരെ ഉൾപ്പെടുത്തി 14,274 ഗ്രാമങ്ങളിലും 10,377 നഗര ബ്ലോക്കുകളിലുമാണ് സർവേ നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home