ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിന്റെ വാതിൽ തുറന്നു; റോഡിലേക്ക് തെറിച്ചുവീണ് മൂന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം

ഭോപ്പാൽ: ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് 10 വയസ്സുള്ള വിദ്യാർഥി മരിച്ചു. മധ്യപ്രദേശിലെ കട്നി ജില്ലയിൽ വിജയ് രാഘവ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ജീത് യാദവ് ആണ് മരിച്ചത്.
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വാനിന്റെ ഡോർ അപ്രതീക്ഷിതമായി തുറക്കുകയായിരുന്നു. തുടർന്ന് ജീത് റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.
ഡ്രൈവറുടെ അശ്രദ്ധ, വാഹനത്തിന്റെ ഫിറ്റ്നസ് എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അഭിഷേക് ചൗബേ വ്യക്തമാക്കി. പ്രദേശത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുപ്രീം കോടതിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും അവഗണിക്കുകയാണെന്ന് രക്ഷിതാക്കളും പ്രദേശവാസികളും ആരോപിച്ചു.










0 comments