സഹപാഠികളെ ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ച് വിദ്യാർഥി; ഒരാൾ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ ഗുരുകുല റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥി സഹപാഠികളെ ഇരുമ്പുവടികൊണ്ട് ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിൽ ഒരു വിദ്യാർഥി കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
രാത്രി ഭക്ഷണത്തിന് ശേഷം വിദ്യാർഥികൾ ഹോസ്റ്റലിൽ ഉറങ്ങാൻ പോയ സമയത്താണ് സംഭവം. ഉറങ്ങിക്കിടന്ന കുട്ടികളെ പ്രതി ഇരുമ്പുവടികൊണ്ട് തുരുതുരാ തല്ലുകയായിരുന്നു. തടയാൻ ശ്രമിച്ച ഹോസ്റ്റൽ വാർഡനെയും ആക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് ഇരയായ കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു.
പരിക്കേറ്റവരെ ബല്ലാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ട്രോമ കെയർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ബല്ലാരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഹോസ്റ്റൽ സുരക്ഷയിൽ വീഴ്ച വരുത്തിയ സ്കൂൾ അധികൃതർക്കെതിരെയും പ്രതിഷേധം ശക്തമാണ്.










0 comments