തമിഴ്നാട്ടിലെ സർക്കാർ സ്കൂൾ വാട്ടർടാങ്കിൽ മലവിസർജ്യം കണ്ടെത്തി

പ്രതീകാത്മക ചിത്രം
പഴനി: തമിഴ്നാട്ടിലെ സർക്കാർ സ്കൂൾ വാട്ടർടാങ്കറിൽ മലവിസർജ്യം കണ്ടെത്തി. പഴനിയിലെ മനൂർ പഞ്ചായത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. 120 ലധികം കുട്ടികൾ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കിലാണ് മലവിസർജ്യം കണ്ടെത്തിയത്. 10 ദിവസത്തെ അവധിക്ക് ശേഷം ഒക്ടോബർ 5 തിങ്കളാഴ്ച സ്കൂൾ തുറന്നതിന് പിന്നാലെയാണ് വാട്ടർ ടാങ്കർ മലിനമായ നിലയിൽ കണ്ടത്. അജ്ഞാതരാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
സംഭവം അറിഞ്ഞതിനു പിന്നാലെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തുവന്നു. കുട്ടികൾക്ക് മതിയായ സുരക്ഷാ സംവിധാനം ഒരുക്കുന്നില്ല, സമാന സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്നും അവർ ചോദിച്ചു. സ്കൂളിലെ ശുചിമുറികൾ കൃത്യമായി പരിപാലിക്കുന്നില്ലെന്നും വിദ്യാർഥികൾക്ക് ആവശ്യമായ അളവിൽ ശുദ്ധമായ കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. സ്കൂളിൽ ആരാണ് പ്രവേശിച്ചതെന്നും കുടിവെള്ളം ആരാണ് മലിനപ്പെടുത്തിയതെന്ന് തെളിയിക്കുന്ന സിസിടിവി പോലും സ്കൂളിൽ ഇല്ലെന്ന് മറ്റൊരു രക്ഷിതാവ് പറഞ്ഞു.
തിങ്കൾ രാവിലെ പാചകക്കാരിയാണ് വെള്ളം മലിനമായ നിലയിൽ കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയും ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. ഏറെ വൈകിയാണ് ഞങ്ങൾ ഇക്കാര്യം അറിഞ്ഞത്. കുട്ടികൾക്ക് ഏതെങ്കിലും വിധത്തിൽ അണുബാധ ഉണ്ടായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്ന് രക്ഷിതാക്കൾ തങ്ങളുടെ ആശങ്ക പങ്കുവെച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർ അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.








0 comments