പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ; പ്രതിപക്ഷ എംപിമാർ മോദിക്ക് കത്തയക്കും

ന്യൂഡൽഹി
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഇന്ത്യ–- പാകിസ്ഥാൻ സംഘർഷവും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കും. ലോക്സഭയിലെയും രാജ്യസഭയിലെയും ഇരുന്നൂറിലേറെ എംപിമാരാണ് കത്തയക്കുക.
ഇന്ത്യ കൂട്ടായ്മയിൽ ഉൾപ്പെട്ട 16 പ്രതിപക്ഷ പാർടികളുടെ നേതാക്കൾ നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് മോദിക്ക് കത്തയച്ചിരുന്നു. പ്രത്യേക സമ്മേളനം വിളിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. മാത്രമല്ല, ജൂലൈ 21ന് ശീതകാല സമ്മേളനം ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സാധാരണ പാർലമെന്റ് സമ്മേളനത്തിന് മൂന്നാഴ്ച മുമ്പാണ് തീയതിയും മറ്റും അറിയിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ഇക്കുറി 47 ദിവസം മുമ്പുതന്നെ തീയതി പ്രഖ്യാപിച്ചു. പ്രതിപക്ഷം പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ശീതകാല സമ്മേളനം ഏറെനേരത്തെ പ്രഖ്യാപിച്ചത്.
പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് സംയുക്ത സേനാമേധാവി വെളിപ്പെടുത്തിയിരുന്നു. സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതടക്കമുള്ള വിഷയങ്ങളിൽ വ്യക്തത വേണമെന്നാണ് പ്രതിപക്ഷം കൂട്ടായി ആവശ്യപ്പെടുന്നത്.









0 comments