പ്രത്യേക സമ്മേളനമില്ല ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ

എം പ്രശാന്ത്
Published on Jun 05, 2025, 02:14 AM | 1 min read
ന്യൂഡൽഹി
പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും ചർച്ചചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ തള്ളി. പ്രത്യേക സമ്മേളനമില്ലെന്നും ജൂലൈ 21 മുതൽ ആഗസ്ത് 12 വരെ വർഷകാല സമ്മേളനം ചേരുമെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. എന്തുകൊണ്ട് പ്രത്യേക സമ്മേളനമില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എല്ലാ സമ്മേളനവും പ്രത്യേകമാണെന്നായിരുന്നു മറുപടി.
പഹൽഗാം വിഷയത്തിൽ പാർലമെന്റിനെ അഭിമുഖീകരിക്കാൻ സർക്കാർ ഭയക്കുകയാണെന്ന് പ്രതിപക്ഷ പാർടികൾ പ്രതികരിച്ചു. ഭീകരതയ്ക്കെതിരായ നിലപാട് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തിൽ പങ്കാളിയായി പ്രതിപക്ഷം ഉത്തരവാദിത്ത്വം നിറവേറ്റിയെന്നും പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് സർക്കാർ ഉത്തരവാദിത്തം നിറവേറ്റണമെന്നും സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു.
പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് 16 പ്രതിപക്ഷ പാർടികൾ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് കേന്ദ്രം വർഷകാല സമ്മേളനം പ്രഖ്യാപിച്ചത്.









0 comments