Deshabhimani

പാര്‍ലമെന്റ് സമ്മേളനം വിളിച്ചേതീരൂ ; മോദിക്ക്‌ 16 പ്രതിപക്ഷ പാർടികളുടെ കത്ത്‌

special parliament session
avatar
എം പ്രശാന്ത്‌

Published on Jun 04, 2025, 04:10 AM | 1 min read


ന്യൂഡൽഹി

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ–പാക്‌ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ പ്രത്യേക പാർലമെന്റ്‌ സമ്മേളനം വിളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്ത്യാ കൂട്ടായ്‌മയുടെ ഭാഗമായ 16 പ്രതിപക്ഷ പാർടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു. ഓപ്പറേഷൻ സിന്ദൂറിന്‌ ശേഷം ഉടലെടുത്ത രാജ്യരക്ഷാ–- നയതന്ത്ര വിഷയങ്ങളിൽ സ്വതന്ത്രവും സുതാര്യവുമായ ചർച്ച വേണമെന്നാണ് ആവശ്യം.


സിപിഐ എം, സിപിഐ, സിപിഐ എംഎൽ, കോൺഗ്രസ്‌, എസ്‌പി, ഡിഎംകെ, ആർജെഡി, നാഷണൽ കോൺഫറൻസ്‌, ജെഎംഎം, തൃണമൂൽ, ശിവസേന ഉദ്ധവ്‌ വിഭാഗം, കേരള കോൺഗ്രസ്‌, ആർഎസ്‌പി, മുസ്ലിംലീഗ്‌, വിസികെ, എഐഎംഡിഎംകെ എന്നീ പാർടികളാണ്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌. സിപിഐ എമ്മിനായി ലോക്‌സഭാ നേതാവ്‌ കെ രാധാകൃഷ്‌ണനും കോൺഗ്രസിനുവേണ്ടി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒപ്പുവച്ചു. ആം ആദ്‌മി പാർടി പാർലമെന്റ്‌ സമ്മേളനം വിളിക്കണമെന്ന്‌ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു.


പ്രധാന പ്രതിപക്ഷ പാർടികൾ ചൊവ്വാഴ്‌ച യോഗം ചേർന്നതിന് പിന്നാലെയാണ് ഒറ്റക്കെട്ടായി കത്തയച്ചത്. വിദേശരാജ്യങ്ങളെ സർക്കാർ കാര്യങ്ങൾ ബോധിപ്പിക്കുന്നുണ്ട്‌. എന്നാൽ പാർലമെന്റിനോടോ രാജ്യത്തെ ജനങ്ങളോടോ കാര്യങ്ങൾ പറയുന്നില്ല. വെടിനിർത്തൽ എങ്ങനെ സംഭവിച്ചെന്ന്‌ വ്യക്തമാക്കണം. ട്രംപിന്റെ അവകാശവാദങ്ങളുടെ സത്യാവസ്ഥ അറിയണം. ഏറ്റുമുട്ടലിൽ ഇന്ത്യക്ക്‌ നഷ്ടങ്ങളുണ്ടോയെന്നും അറിയേണ്ടതുണ്ട്‌–- പ്രതിപക്ഷ പാർടി നേതാക്കൾ മാധ്യമങ്ങളോട്‌ പറഞ്ഞു.

അതേസമയം പ്രതിപക്ഷ സമർദത്തിന്‌ വഴങ്ങി പ്രത്യേക സമ്മേളനം വിളിക്കേണ്ടതില്ലെന്ന നിലപാടിലാണ്‌ സർക്കാർ. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം മുൻനിർത്തി ഈ മാസം പ്രത്യേക സമ്മേളനം വിളിച്ചേക്കുമെന്ന്‌ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനുള്ള സാധ്യതകളും സർക്കാർ വൃത്തങ്ങൾ തള്ളി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home