കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം, ഇല്ലെങ്കിൽ സമരം: സോനം വാങ്ചുക്ക്

സോനം വാങ്ചുക്ക് (FILE)
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി- ഇടതുപക്ഷ പ്രതിഷേധത്തിൽ പങ്കെടുത്തവരെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ വിദ്യാഭ്യാസ– പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക്. കസ്റ്റഡിയിലെടുത്തവരെ ഞായറാഴ്ചയ്ക്കകം വിട്ടയച്ചില്ലെങ്കിൽ താൻ സമരം ആരംഭിക്കുമെന്ന് വാങ്ചുക്ക് പറഞ്ഞു.
സമരക്കാരുടെ മോചനം ആവശ്യപ്പെട്ട് നിരാഹാര സമരമോ പാദയാത്രയോ നടത്തും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും വാങ്ചുക്ക് എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ത്രിപുര മുൻമുഖ്യമന്ത്രിയും പിബി അംഗവുമായ മണിക് സർക്കാർ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാർടിയുടെ പിബി, കേന്ദ്രകമ്മിറ്റിയംഗങ്ങളെയും ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം ഉൾപ്പെടെയുള്ള എംപിമാരെയും പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്.
സമരത്തിൽ പങ്കെടുക്കാനെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ വിമാനത്തിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്കയെയും അഭിജിതിനൊപ്പം കസ്റ്റഡിയിലെടുത്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച യൂടൂബർ ധ്രുവ് റാഠിയെ വീട്ടിൽ അതിക്രമിച്ചുകയറി പൊലീസ് കസ്റ്റഡിയിലെടുത്തു.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും അഖിലേന്ത്യാനേതാക്കളെ ക്രൂരമായി മർദിച്ചു. എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ഉൾപ്പെടെയുള്ള വനിതാനേതാക്കളെയും കയ്യേറ്റം ചെയ്തു. പുരുഷ പൊലീസുകാർ വനിതാപ്രവർത്തകരോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. പല പ്രവർത്തകരുടെയും വസ്ത്രങ്ങൾ വലിച്ചുകീറി, ബാഗും സാധനങ്ങളും പിടിച്ചുപറിച്ചു.
മൂവായിരത്തിലധികംപേരെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു. ഡൽഹിക്ക് പുറമെ മുംബൈയിലും സമരം പടർന്നു. നാനൂറിലേറെപ്പേരെ മുംബൈയിൽനിന്ന് കസ്റ്റഡിയിലെടുത്തു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പ്രതിഷേധപരിപാടികൾ നടക്കുന്നുണ്ട്.








0 comments