പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്; 84 കാരി മുത്തശ്ശിയുടെ ആദ്യ വിമാനയാത്രയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

image grab: instagram
ന്യൂഡൽഹി : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ 84 കാരിയായ മുത്തശ്ശിയുടെ വിമാനയാത്രയെന്ന മോഹം സാധിച്ചുകൊടുത്ത് കൊച്ചുമകൻ. 'എൻ്റെ സ്വപ്നത്തിന് 22 വർഷത്തെ കാത്തിരിപ്പ് വേണ്ടി വന്നപ്പോൾ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ 84 വർഷം വേണ്ടിവന്നു' എന്ന വൈകാരികമായ കുറിപ്പോട് കൂടിയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അർണബ് എന്ന യുവാവാണ് 84ാം വയസിൽ തന്റെ അമ്മൂമ്മയുടെ ആദ്യ വിമാനയാത്രയുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തനിക്ക് മുന്നിൽ വിമാനത്താവളത്തിലൂടെ നടന്നുപോകുന്ന മുത്തശ്ശി ഒട്ടും പരിഭ്രമമില്ലാതെ ഇൻഡിഗോ വിമാനത്തിന്റെ പടവുകൾ കയറി വിമാനത്തിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. വിമാനം പറന്നുയരുമ്പോൾ മുത്തശ്ശി ജനാലയിലൂടെ പുറത്തെ കാഴ്ചകൾ നോക്കികാണുന്നതും വീഡിയോയിൽ കാണാം.
യാത്രയ്ക്കിടയിലെ മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയുടെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിന് മുന്നിൽ നിന്ന് അഭിമാനത്തോടെ പുഞ്ചിരിച്ചു നിൽക്കുന്നതും, കൊച്ചുമകനൊപ്പം സന്തോഷത്തോടെ സെൽഫിയെടുക്കുന്നതുമായ ചിത്രങ്ങൾ ഇതിലുണ്ട്. ഈ ഹൃദയഹാരിയായ വീഡിയോക്ക് മനോഹരമായ കമന്റുകളാണ് സോഷ്യൽമീഡിയയിൽ വന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്.











0 comments