Deshabhimani

ജന്തർ മന്തർ പ്രക്ഷോഭത്തെ അടിച്ചമർത്താനാകില്ല; പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച

kisan morcha march
വെബ് ഡെസ്ക്

Published on Oct 09, 2026, 02:14 PM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിക്കായി ശനിയാഴ്ച ജന്തർ മന്തറിൽ നടത്തുന്ന വിദ്യാർഥി-യുവജന പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). പ്രക്ഷോഭത്തിൽ ഇന്ത്യയിലെ മുഴുവൻ കർഷകരും അണിനിരക്കണമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. നീതിക്കുവേണ്ടിയുള്ള സമരങ്ങൾ അനിവാര്യമാണെന്നും ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സിജെപിയും നടത്തുന്ന സംയുക്ത പ്രക്ഷോഭത്തെ പൊലീസിനെ ഉപയോ​ഗിച്ച് അടിച്ചമർത്താമെന്ന് കരുത്തേണ്ടെന്നും എസ്‌കെഎം പ്രസ്താവനയിൽ പറഞ്ഞു.


മോദി ഭരണത്തിന് കീഴിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ പൊലീസ് രാജാണ് നടക്കുന്നത്. പ്രക്ഷോഭത്തെ തടയാനെന്ന പേരിൽ അന്യായമായ കസ്റ്റഡികളാണ് നടക്കുന്നത്. ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമവിരുദ്ധ വീട്ടുതടങ്കലുകൾ തുടരുകയാണ്. പ്രതിഷേധത്തെ ഭയന്ന് എല്ലാം അടച്ച് പൂട്ടുകയാണ്. ശനിയാഴ്ച ഡൽഹിയിലേക്കും ഹസ്രത്ത് നിസാമുദ്ദീനിലേക്കുമുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയതും ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ചതും ഇതിന്റെ ഭാ​ഗമാണ്. ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലേക്ക് പ്രവർത്തകർ എത്താൻ സാധ്യതയുള്ള എല്ലാ മെട്രോ സ്റ്റേഷനുകളുമാണ് അടക്കുന്നത്. ഇവിടേക്കുള്ള റോഡുകളും അടച്ചു. കടുത്ത ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.


ഭരണകക്ഷിയായ ബിജെപിക്കു വേണ്ടി പൊലീസ് പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്. ഈ നഗ്നമായ നിയമവിരുദ്ധ നടപടികൾക്കെതിരെ ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുക്കണമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home