കർണാടകത്തിൽ കോർപറേറ്റ് ടൗൺഷിപ്പിനായി കാർഷിക ഭൂമി; സമരത്തിന് പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച

ബംഗളൂരു : കർണാടകയിലെ ബിദദിയിൽ ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ബിദദി ടൗൺഷിപ്പ് പദ്ധതിക്കായി കാർഷിക ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച (SKM). കർഷകരെ വഞ്ചിച്ചും കോർപ്പറേറ്റുകളെ സഹായിച്ചും, ബിജെപിയുടെ മോദി സർക്കാരിനോട് മത്സരിക്കുകയാണ് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരെന്നും ഇതിനായി 2013-ലെ LARR നിയമം (ഭൂമി ഏറ്റെടുക്കൽ നിയമം) അട്ടിമറിച്ചെന്നും എസ്കെഎം പ്രസ്താവനയിൽ പറഞ്ഞു. 568 ദിവസമായി തുടരുന്ന സമരത്തിന്റെ ഭാഗമായുള്ള റിലേ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതായി എസ്കെഎം അറിയിച്ചു.
നല്ല ജലസേചന സൗകര്യമുള്ളതും അത്യന്തം ഫലഭൂയിഷ്ഠവുമായ ഭൂമി ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായും ഏറ്റെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കർഷകർക്കെതിരായ നടപടികളും വ്യാജ ക്രിമിനൽ കേസുകളും അവസാനിപ്പിക്കുക, നഷ്ടപരിഹാരം തട്ടിയെടുക്കാൻ വ്യാജരേഖകൾ സൃഷ്ടിക്കുന്നതായുള്ള ആരോപണങ്ങൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. 'സംയുക്ത ഹോരാട്ട കർണാടക'യുടെ സജീവ പിന്തുണയോടെ 'ബൈരമംഗല-കാഞ്ചഗരനഹള്ളി ഗ്രാമപഞ്ചായത്ത് ഭൂഹിതരക്ഷണ സമിതി'യാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
കർണാടക അർബൻ ഡെവലപ്‌മെന്റ് അതോറിറ്റീസ് (KUDA) നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. 9,640 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ ഭൂരിഭാഗവും കാർഷിക ഭൂമിയാണ്. മുനിസിപ്പൽ അതിർത്തിക്ക് പുറത്തുള്ള 9 റവന്യൂ ഗ്രാമങ്ങളിലും 16 റവന്യൂ ഇതര ഗ്രാമങ്ങളിലുമായാണ് പ്രദേശം വ്യാപിച്ചുകിടക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടി നിയമവിരുദ്ധമാണെന്നും 2013ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ, പുനഃസ്ഥാപന നിയമമായ LARR Act ലംഘിക്കുന്നതാണെന്നും വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് വി ഗോപാലഗൗഡ അധ്യക്ഷനായ സമിതി റിപ്പോർട്ട് ചെയ്തതായി എസ്കെഎം പറയുന്നു.
LARR Act 2013 പ്രകാരം സാമൂഹിക ആഘാത പഠന' (SIA) പ്രക്രിയയിലൂടെ പരിസ്ഥിതി, സാമൂഹിക പ്രത്യാഘാതങ്ങൾ പരിശോധിക്കേണ്ടത് നിർബന്ധമാണെന്ന് എസ്കെഎം പറയുന്നു. LARR നിയമത്തെ അസാധുവാക്കാനായി 2014ൽ ബിജെപി നേതൃത്വത്തിലുള്ള മോദി സർക്കാർ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും, 'ഭൂമി അധികാർ ആന്ദോളൻ' എന്ന കൂട്ടായ്മയുടെ കീഴിൽ കർഷകർ നടത്തിയ ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് അതിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു.
എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ ഈ നിയമത്തെ അവഗണിച്ച് കർഷകരുടെ താൽപര്യങ്ങൾ ബലികഴിച്ച് കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുകയാണ്. ബിദദിയിലെ ഭൂമി ഏറ്റെടുക്കൽ പൂർണമായി റദ്ദാക്കണമെന്നും എസ്കെഎം പറഞ്ഞു.










0 comments