എസ്ഐആര് വെട്ടിപ്പിടുത്തം; പ്രതിഷേധം തണുപ്പിക്കാൻ പ്രഖ്യാപിച്ച സ്പെഷ്യൽ ഡ്രൈവിലും കബളിപ്പിക്കൽ

ന്യൂഡൽഹി:ബിജെപിക്കും കേന്ദ്ര സര്ക്കാരിനും വേണ്ടി വോട്ടുവെട്ടിപ്പിക്കൽ നടത്തി രാജ്യമെങ്ങും വൻ പ്രതിഷേധം ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗം തണുപ്പിക്കാനായി പ്രഖ്യാപിച്ച തിരുത്തലിലും കബളിപ്പിക്കൽ. ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും മറ്റ് നിര്ണായക തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോഴും ചെയ്യാറുള്ളത് പോലെ അടിയന്തര പൂര്ണ കമ്മീഷൻ യോഗം ചേര്ന്നാണ് ഏതാനും പൊടിക്കൈ പ്രഖ്യാപനങ്ങൾ നടത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാഷ്ട്രീയ പ്രചാരകനും ബിജെപിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ഏജന്റുമായി വാര്ത്തകളിൽ നിറഞ്ഞ സാഹചര്യത്തിലാണ് അസാധാരണ യോഗവും വിശദീകരണവും. എന്നാൽ ഇതും ജനം പെട്ടെന്ന് തിരിച്ചറിയുന്ന സാഹചര്യമായി.
എതിരഭിപ്രായങ്ങൾ കുറിച്ച ഉപ കമ്മീഷണര്മാരായ ഡോ സുഖ്ബീര് സിങ് സന്ധു, ഡോ വിവേക് ജോഷി എന്നവര്ക്കൊപ്പം യോഗത്തിൽ ഒരുമിച്ചിരിക്കുന്ന ഫോട്ടോയും പുറത്തു വിട്ടാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതിൽ ഫോ 6 ൽ നടത്തിയ നിയമ അട്ടിമറി മറയ്ക്കാൻ പഴയ ഫോമിൽ തന്നെയാണ് പുതിയ വോട്ടുകൾ ചേര്ക്കുന്നതെന്ന് ന്യായീകരിച്ചു. പുതിയ വോട്ടര്മാരെ ചേര്ക്കുന്നതിനുള്ള എസ്എസ്ആര് പ്രക്രിയ 2024 മുതൽ മുടക്കുകയും ഫോം 6 ലെ നിയമ വിരുദ്ധമായ മാൻഡേറ്റററി കോളം വഴി ജെൻസി വോട്ടുകളുടെ ഓൺലൈൻ സമര്പ്പണം പോലും തടയുകയും ചെയ്തത് സംബന്ധിച്ച് വിശദീകരണമില്ല. ഇത് എസ്ഐആറിന് മാത്രമാണ് ബാധകം എന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്തിരിക്കുന്നത്. ബിജെപി സര്ക്കാരിന്റെ നേടിട്ടുള്ള കൈകടത്തൽ വ്യക്തമായ മേഖലയാണിത്.
എസ് ഐ ആറിൽ ഒഴിവാക്കപ്പെട്ടവരുടെ പേര് ചേര്ക്കാൻ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന പ്രഖ്യാപനവും തുടക്കം തന്നെ ചീറ്റി. ജനവികാരം തണുപ്പിക്കാനും കുറ്റകരമായ രാഷ്ട്രീയ കൈകടത്തലുകൾക്ക് അവസരം നൽകിയ വീഴ്ചകൾക്ക് മറയിടാനുമായിരുന്നു നീക്കം. സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതായി പറഞ്ഞിരിക്കുന്നവയിൽ ഇതിനകം തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചിമ ബംഗാളിന്റെയും ബിഹാറിന്റെയും പേര് കൂടി ചേര്ത്തു. പ്രഖ്യാപനം പുറത്തെത്തിയതോടെ തന്നെ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിക്കപ്പെട്ട സ്ഥലത്ത് എല്ലാം കഴിഞ്ഞ ശേഷം ഇനിയെന്ത് സ്പെഷ്യൽ ഡ്രൈവ് എന്ന പരിഹാസം ഉയര്ന്നു. ആരെയാണ് കമ്മീഷൻ കബളിപ്പിക്കുന്നത് എന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ഫോ 6 ലെ ക്രിമിനൽ തട്ടിപ്പ്
ശനിയാഴ്ച വൈകുന്നേരമാണ് കമ്മീഷൻ പൂര്ണയോഗം ചേര്ന്നത്. എസ് ഐ ആര് പൂര്ത്തിയായ 20 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും എന്നായിരുന്നു പ്രഖ്യാപനം. ഫോം ആറിലെ ഇടപെടൽ ക്രിമിനൽ കുറ്റകൃത്യമാണെന്ന് ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഐ ടി മന്ത്രാലത്തിന് വരെ കമ്മീഷനിലെ ഇടപെടലുകളിൽ പങ്കുള്ളതായി വാര്ത്ത പുറത്തെത്തി.
ഫോം സിക്സിൽ മാറ്റം വരുത്താൻ പാര്ലമെന്റിൽ നിയമ ഭേദഗതി ആവശ്യമാണ്. നിയമപരമായി വോട്ടുള്ള മുത്തശ്ശി മുത്തശ്ശൻ, അല്ലെങ്കിൽ രക്ഷിതാക്കൾ എന്നിവരുടെ പേര് ചേര്ക്കാനുള്ള കോളം മാൻഡേറ്ററി ആക്കി ഓൺലൈൻ സംവിധാനം കുരുക്കിയാണ് പുതിയ വോട്ടര്മാരെ അകറ്റി നിര്ത്തിയത്. എന്നാൽ ഈ കോളം നിര്ബന്ധമാക്കിയിട്ടില്ല എന്ന് വിശദീകരിക്കയും ചെയ്തു. ഫലത്തിൽ സൈറ്റിൽ കയറുന്ന ആര്ക്കും ഈ കോളം പൂരിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു വെച്ചു.
ഈ ഒരു ഡിക്ലറേഷൻ വ്യവസ്ഥ കൊണ്ടുവന്നത് കമ്മീഷന് പുറത്ത് അധികാരം കേന്ദ്രീകരിച്ചാണ്. ഗ്യാനേഷ് കുമാര് ഇസിഐ നെറ്റ് കൊണ്ടുവന്നതും അതിൽ ഡിക്റേഷൻ വ്യവസ്ഥ ചേര്പ്പിച്ചതും അശ്വിനി വൈഷ്ണവിന് കീഴിലുള്ള ഐടി മന്ത്രാലയം വഴിയാണ്. ഗ്യാനേഷ് കുമാറിനെ പോലെ സിവിൽ സര്വീസ് ഉദ്യോഗസ്ഥനായിരുന്നു അശ്വനി വൈഷ്ണവ്. പിന്നീട് ബിജെപിയിൽ ചേര്ന്ന് സ്ഥാനമാനങ്ങൾ സ്വന്തമാക്കി. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ആജ്ഞാനുവര്ത്തിയായി.
വികേന്ദ്രീകൃത സംവിധാനത്തിന് കീഴിൽ ഇ ആര് ഓ തലത്തിൽ നടത്തേണ്ട പരിഷ്കരണ പ്രക്രിയ കേന്ദ്ര ഐടി സെല്ലിന്റെ കീഴിലേക്ക് സ്വേഛാധിപത്യപരമായി കേന്ദ്രീകരിക്കയും അതിന് കമ്മീഷൻ അവസരം ഒരുക്കി നൽകുകയുമായിരുന്നു. ഇതിനെ പ്രതിരോധിക്കാനായി ഇസിഐ നെറ്റിൽ ഫീൽഡ് ഓഫീസര്മാര് സൗകര്യ പ്രദമായി മാറ്റം നിര്ദ്ദേശിച്ചാൽ നടപ്പാക്കും എന്ന് വിശദീകരിച്ച് ഒഴിയുകയാണ് ശനിയാഴ്ചത്തെ യോഗത്തിന് ശേഷമുള്ള വിശദീകരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്.









0 comments