ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ സിദ്ധരാമയ്യയ്ക്ക് പുതിയ പദവി

സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി (സിഡബ്ല്യുസി) അംഗമായി നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് തൊട്ടുമുന്നോടിയായാണ് ഹൈക്കമാൻഡിന്റെ ഈ നിർണായക നീക്കം.
മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകുന്നതുൾപ്പെടെയുള്ള പ്രത്യേക പാക്കേജുകൾ കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉടനടി മാറാനുള്ള താല്പര്യക്കുറവ് മൂലം അദ്ദേഹം ഈ നിർദ്ദേശം നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനെത്തുടർന്നാണ് പാർട്ടിയുടെ പരമോന്നത നയരൂപീകരണ സമിതിയായ പ്രവർത്തകസമിതിയിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
അതേസമയം ഇന്ന് നടക്കുന്ന ചടങ്ങിൽ പുതിയ മുഖ്യമന്ത്രിയോടൊപ്പം പത്ത് മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എന്നാൽ പാർട്ടിയിലെ ആഭ്യന്തര സമവായ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ഉപമുഖ്യമന്ത്രി പദം ആർക്കൊക്കെ നൽകണം എന്നതിലും, കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ആര് വരണം എന്നതിലും ഹൈക്കമാൻഡ് ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.











0 comments