print edition ഡൽഹി സർവകലാശാല കോളേജ് യൂണിയൻ; എബിവിപിയെ വീഴ്‌ത്തി എസ്‌എഫ്‌ഐ മുന്നേറ്റം

ആർച്ചി ബിശ്വാസ്

സ്വന്തം ലേഖകൻ
Published on Sep 19, 2026, 01:00 AM | 1 min read
ന്യൂഡൽഹി : ഡൽഹി സർവകലാശാല കോളേജുകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കാവിക്കോട്ട തകർത്ത് എസ്‌എഫ്‌ഐ. എബിവിപിയുടെ ഏറ്റവും വലിയ കുത്തകയായ ഭാസ്‌കരാചാര്യ കോളേജ് ഓഫ് അപ്ലെയ്‌ഡ് സയൻസിൽ യൂണിയൻ പ്രസിഡന്റ് സ്ഥാനം എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ആർച്ചി ബിശ്വാസ് പിടിച്ചെടുത്തു. 25 വോട്ടാണ് ലീഡ്. ആർച്ചി 372 വോട്ടും എബിവിപി സ്ഥാനാർഥി 347 വോട്ടും നേടി. പതിറ്റാണ്ടിനിടെ ആദ്യമായാണ് കോളേജ് യൂണിയൻ പ്രസിഡന്റ് സ്ഥാനം എസ്‌എഫ്‌ഐ ജയിക്കുന്നത്. ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള അധ്യാപക –അനധ്യാപക സംഘടനകളും കോളേജിൽ ശക്തമാണ്. എബിവിപിയുടെ മുൻ സംസ്ഥാന പ്രസിഡന്റാണ് കോളേജ് പ്രിൻസിപ്പൽ. ഇത്തവണ എബിവിപി വട്ടപ്പൂജ്യമായി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കൗൺസിലർ സ്ഥാനങ്ങൾ എൻഎസ്‌യുഐയ്‌ക്കാണ്.
സാകിർ ഹുസൈൻ കോളേജിൽ ജോയിന്റ് സെക്രട്ടറി സ്ഥാനം എസ്‌എഫ്‌ഐയുടെ ജീതേന്ദ്രകുമാർ പിടിച്ചെടുത്തു. എബിവിപി വിമതനാണ് പ്രസിഡന്റ്. സെക്രട്ടിറായി ജയിച്ചത് എൻഎസ്‌യുഐ വിമതൻ. എസ്‌എഫ്‌ഐ ആദ്യമായി മത്സര രംഗത്തിറങ്ങിയ ഹാൻസ്‌രാജ് കോളേജിൽ എബിവിപിക്കെതിരെ മികച്ച പ്രകടനം നടത്തി. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് മത്സരിച്ച ശ്രിജൻ കശ്യപ് 1,100 വോട്ട് നേടി. 1400 വോട്ടാണ് എബിവിപിക്കുള്ളത്. മിറാൻഡ ഹൗസ് കോളേജിൽ കേന്ദ്ര കൗൺസിലറായി എസ്‌എഫ്‌ഐയുടെ ആദ്യ ശർമ ജയിച്ചു. സൗത്ത് ക്യാന്പസിൽ എസ്‌എഫ്‌ഐ പിന്തുണച്ച പാനൽ സന്പൂർണ വിജയം നേടി. മറ്റ് കോളേജുകളിൽ എബിവിപിക്കാണ് മുൻതൂക്കം. ഇൗവനിങ് കോളേജുകളിലെ ഫലം വെള്ളി രാത്രിയും പുറത്തുവന്നിട്ടില്ല. സർവകലാശാല കേന്ദ്ര പാനൽ ഫലം ശനിയാഴ്‌ച പുറത്തുവരും.









0 comments