print edition മോദിയുടെ യുഎസ് പ്രീണനത്തിന് തിരിച്ചടി


സ്വന്തം ലേഖകൻ
Published on Sep 19, 2026, 01:00 AM | 1 min read
ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ വർഷങ്ങളായി തുടർന്നുവരുന്ന അന്ധമായ യുഎസ് പ്രീണന നയത്തിനേറ്റ കനത്ത തിരിച്ചടിയാണ് അമേരിക്ക ഉയർത്തുന്ന പുതിയ തീരുവ ഭീഷണി. ഇന്ത്യയും യുഎസുമായുള്ള വ്യാപാര ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നപ്പോഴാണ് അമേരിക്കയുടെ കൊടുംചതി. യുഎസ് ഭീഷണിക്ക് വഴങ്ങി റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് അവസാനിപ്പിച്ചാൽ ഉൗർജ സുരക്ഷയ്‌ക്കൊപ്പം സാമ്പത്തിക ഭദ്രതയും അപകടത്തിലാകും. ഇന്ത്യ വെനസ്വേലയിൽ നിന്ന് കൂടുതൽ ക്രൂഡോയിൽ വാങ്ങണമെന്നാണ് അമേരിക്ക താൽപ്പര്യപ്പെടുന്നത്. നിലവിൽ വെനസ്വേലയുടെ എണ്ണമേഖലയെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. അതുകൊണ്ടുതന്നെ വെനസ്വേലയിൽ നിന്ന് ഇന്ത്യ കൂടുതൽ ക്രൂഡോയിൽ വാങ്ങിയാൽ അതിന്റെ നേട്ടം യുഎസ് കമ്പനികൾക്കായിരിക്കും.
2022 മുതൽ റഷ്യൻ ക്രൂഡോയിൽ കൂടുതലായി വാങ്ങിയത് വഴി ഒന്നേകാൽ ലക്ഷം കോടിയോളം രൂപയുടെ സാമ്പത്തികനേട്ടം ഇന്ത്യയ്‌ക്കുണ്ടായിട്ടുണ്ട്. ഉയർന്ന വിലയും ചരക്കുകൂലിയുമുള്ള വെനസ്വേല– യുഎസ് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയ്‌ക്ക് സാന്പത്തിക നഷ്‌ടമാണുണ്ടാക്കുക.
ഇന്ത്യയുടെ കാർഷിക വിപണി യുഎസ് കമ്പനികൾക്കായി കൂടുതൽ തുറന്നുകൊടുക്കണമെന്ന ആവശ്യം ഇപ്പോൾ നടന്നുവരുന്ന വ്യാപാര ചർച്ചകളിൽ അമേരിക്ക മുന്നോട്ടുവയ്‌ക്കുന്നുണ്ട്. നിലവിൽ തയ്യാറായിട്ടുള്ള കരാറിന്റെ കരടിൽ തന്നെ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വലിയ തോതിൽ വഴങ്ങിയിട്ടുണ്ട്. കാർഷിക മേഖല കൂടി തുറന്നുകൊടുക്കുന്ന സാഹചര്യമുണ്ടായാൽ ഇന്ത്യയ്‌ക്ക് തീർത്തും പ്രതികൂലമായ കരാറാകും രൂപപ്പെടുക. വ്യാപാര ചർച്ചയിൽ ഇന്ത്യയെ പൂർണമായും നിയന്ത്രണത്തിൽ കൊണ്ടുവരികയെന്ന ലക്ഷ്യവും തീരുവ ഭീഷണിക്ക് പിന്നിലുണ്ട്.









0 comments