ഇന്ത്യയിലെ എല്ലാ ഭാഷകളുടെയും ഉത്ഭവം സംസ്കൃതത്തിൽ നിന്നെന്ന കണ്ടെത്തലുമായി മോഹൻ ഭാഗവത്

നാഗ്പൂർ: എല്ലാ ഇന്ത്യൻ ഭാഷകളുടെയും ഉത്ഭവം സംസ്കൃതമാണെന്ന കണ്ടെത്തലുമായി ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്. കാളിദാസ് സംസ്‌കൃത സർവകലാശാലയിലെ അഭിനവ് ഭാരതി ഇന്റർനാഷണൽ അക്കാദമിക് കെട്ടിടം ഉദ്ഘാടനം ചെയ്യവെയാണ് അഭിപ്രായ പ്രകടനം.
സംസ്‌കൃത സർവകലാശാലയ്ക്ക് സർക്കാർ സംരക്ഷണം ലഭിക്കുന്നുണ്ട്. സംസ്കൃത ഭാഷയ്ക്ക് ജനങ്ങളുടെ സംരക്ഷണവും ആവശ്യമാണ്. അതിനാൽ സംസ്കൃതത്തെ ആശയവിനിമയ മാധ്യമമാക്കണമെന്നും ആവശ്യപ്പെട്ടു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി തന്ത്രങ്ങൾ തുടരുന്നതിനിടെയാണ് ഭാഷാശാസ്ത്രത്തെ തന്നെ ആശ്ചര്യപ്പെടുത്തുന്ന മോഹൻ ഭാഗവതിന്റെ വിചിത്രമായ കണ്ടെത്തൽ. സംസ്കൃതം പഠിച്ചിട്ടുണ്ട്. പക്ഷേ തനിക്ക് അത് ഒഴുക്കോടെ സംസാരിക്കാൻ കഴിയില്ല. സംസ്‌കൃതം എല്ലാ വീട്ടിലും എത്തിക്കണം. ഇതിന് സംസ്കൃത ഭാഷയിൽ ആശയവിനിമയം ആവശ്യമാണ് എന്നും ആർഎസ്‌എസ് മേധാവി പറഞ്ഞു.
'ആത്മനിർഭർ' ആകേണ്ടത് ഇങ്ങനെ ഒക്കെയാണെന്നും അതിനായി നമ്മുടെ ബുദ്ധിയും അറിവും വികസിപ്പിക്കേണ്ടതുണ്ടെന്നും ഭഗവത് ഉപദേശിക്കയും ചെയ്തു.
സാംസ്കാരിക വൈവിധ്യങ്ങൾക്ക് മുതൽക്കൂട്ടായി തികച്ചും വ്യത്യസ്തമായ നാല് പ്രമുഖ ഭാഷാ ഗോത്രങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിന് മേൽ ഹിന്ദി എന്ന ഒറ്റഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തന്ത്രങ്ങൾ തുടരുകയാണ്. ഇതിനിടയിലാണ് സംസ്കൃതവും എല്ലാ കുടുംബങ്ങളിലും എത്തിക്കാനുള്ള ആഹ്വാനവുമായി ആർ എസ് എസ് തലവൻ രംഗത്ത് എത്തുന്നത്. ഇന്ത്യയുടെ എല്ലാ ഭാഷകളുടെയും ഉത്ഭവ സ്ഥാനമായി സംസ്കൃതത്തെ ഇതിനായി സ്വയം പ്രഖ്യാപിക്കയും ചെയ്തു.










0 comments