'തെറ്റിദ്ധരിപ്പിക്കുന്ന പാൻമസാല പരസ്യം'; സൽമാൻ ഖാന് നോട്ടീസ്

ജയ്പൂർ : പാൻ മസാല പരസ്യത്തിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് നടൻ സൽമാൻ ഖാന് നോട്ടീസ്. കോട്ടയിലെ ഉപഭോക്തൃ കോടതിയാണ് പ്രമുഖ പാൻമസാല ബ്രാൻഡിന്റെ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്ന പരസ്യത്തിൽ അഭിനയിച്ചതിന് നടനെതിരെ നോട്ടീസ് നൽകിയത്. സൽമാൻ ഖാനും പാൻമസാല കമ്പനിക്കുമെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
പരസ്യങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ബിജെപി നേതാവും രാജസ്ഥാൻ ഹൈക്കോടതി അഭിഭാഷകനുമായ ഇന്ദർ മോഹൻ സിംഗ് ഹണിയാണ് പരാതി സമർപ്പിച്ചത്. പരാതിയിൽ പരസ്യങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിക്കുന്നു. പാൻ മസാല നിർമ്മിക്കുന്ന കമ്പനിയും അതിന്റെ ബ്രാൻഡ് അംബാസഡറായ നടൻ സൽമാൻ ഖാനും "കുങ്കുമപ്പൂ കലർന്ന പാൻ മസാല" എന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചുവെന്നാണ് പരാതി.
കിലോഗ്രാമിന് ഏകദേശം 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൂവ്, 5 രൂപ വിലയുള്ള ഉൽപ്പന്നത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്നതിനാൽ ഈ അവകാശവാദങ്ങൾ ശരിയല്ലെന്ന് ഹർജിക്കാരൻ പറയുന്നു. ഇത്തരം അവകാശവാദങ്ങൾ യുവാക്കളെ പാൻ മസാല കഴിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഇത് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്നാണ് കോട്ട ഉപഭോക്തൃ കോടതി നടന് നോട്ടീസ് അയച്ചത്.










0 comments