രണ്ട് കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി; യുവതി ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

അമരാവതി: മൂന്ന് വ്യത്യസ്ത ഓപ്പറേഷനുകളിലൂടെ അഞ്ച് മയക്കുമരുന്ന് കടത്തുകാരെയും ഇടനിലക്കാരെയും പിടികൂടി. ആന്ധ്രാപ്രദേശിൽ നിന്നും ഏകദേശം 13 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും1.925 കോടി രൂപ വിലമതിക്കുന്ന 385 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ആന്ധ്രാപ്രദേശ് ഇന്റലിജൻസും പ്രത്യേക എൻഫോഴ്സ്മെന്റ് ടീമുകളും ജില്ലാ പോലീസും സംയുക്തമായി വിജയവാഡ, കർണൂൽ, വിശാഖപട്ടണം ജില്ലകളിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡുകൾ നടന്നത്.
ഒക്ടോബർ 13, 14 തീയതികളിൽ വിജയവാഡ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആദ്യ നടപടി ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് എസ്എംവിടി ബെംഗളൂരു - ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ മടങ്ങിവരികയായിരുന്ന എംബിഎ ഗ്രാജുവേറ്റ് യെറംസെട്ടി നാഗ സൗമ്യ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 11 ലക്ഷം രൂപ വിലമതിക്കുന്ന 110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവരുടെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ഷെയ്ഖ് ബഷീർ ഒക്ടോബർ 14ന് പിടിയിലായി.
ഒക്ടോബർ 14, 15 തീയതികളിൽ കർണൂൽ ജില്ലയിലെ അമകതാടുവിൽ വെച്ചാണ് മറ്റൊരു റെയ്ഡ് നടന്നത്. ഹൈദരാബാദ് നിവാസിയും രാജമഹേന്ദ്രവരം സ്വദേശിയുമായ നല്ലൂരി വരുൺ തേജ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായ് വെർന കാർ തടഞ്ഞ് പരിശോധിച്ചു. ഇവിടെ നിന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 20 ഗ്രാം എംഡിഎംഎ പിടികൂടി.
വിശാഖപട്ടണം ജില്ലയിലെ തുർലുവട ടോൾ പ്ലാസയിൽ വെച്ചാണ് കഞ്ചാവ് കടത്തിയ ടാറ്റ ഐഷർ വാഹനം പിടികൂടിയത്. ആന്ധ്രാപ്രദേശ് കൗണ്ടർ ഇന്റലിജൻസ്, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ , വിശാഖപട്ടണം, 'ഈഗിൾ' ടീമുകൾ എന്നിവർ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.









0 comments