print edition നോമിനേറ്റഡ് എംപിമാരെ ‘എൻഡിഎ കുടുംബം’ആക്കി റിജിജു; പ്രതിഷേധവുമായി വി ശിവദാസൻ

ന്യൂഡൽഹി: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളെ ‘എൻഡിഎ എംപി’മാരായി ചിത്രീകരിച്ച പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി വി ശിവദാസൻ എംപി. നാമനിർദേശത്തിലൂടെ രാജ്യസഭാംഗങ്ങളായ പി ടി ഉഷ, സുധാമൂർത്തി തുടങ്ങിയവർ ഉൾപ്പെടുന്ന ഫോട്ടോ എക്‌സിൽ പോസ്റ്റ്‌ചെയ്‌ത റിജിജു ഫോട്ടോയ്‌ക്ക് ‘എൻഡിഎ കുടുംബം’ എന്നാണ് തലക്കെട്ട് നൽകിയത്. ഭരണഘടനയുടെ 80 (1) (എ) അനുച്ഛേദം അനുസരിച്ച് നോമിനേറ്റ് ചെയ്യപ്പെട്ട പി ടി ഉഷയും സുധാമൂർത്തിയും ‘എൻഡിഎ കുടുംബം’ അല്ലെന്ന് ശിവദാസൻ കിരൺ റിജിജുവിന് അയച്ച കത്തിൽ പറഞ്ഞു. ഒരു കക്ഷിയിലുംപെടാത്ത, നോമിനേറ്റഡ് അംഗങ്ങളെ തന്റെ പാർടിയുടെ ഭാഗമാക്കി ചിത്രീകരിക്കാനാണ് മന്ത്രി ശ്രമിച്ചത്. ഇത്തരം നടപടികൾ നാമനിർദേശം മുഖേന സഭയിലെത്തിയവരുടെ സവിശേഷ, നിഷ്‌പക്ഷ സ്വഭാവം ഇല്ലാതാക്കും. രാജ്യസഭയിലേക്ക് അംഗങ്ങളെ നിർദേശിച്ച രാഷ്‌ട്രപതിയെക്കൂടി അവഹേളിക്കുന്നതാണിത് –കത്തിൽ പറഞ്ഞു.










0 comments