print edition സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്‌തവരോട് പ്രതികാര നടപടി

ഗോപി
Published on Oct 17, 2026, 01:01 AM | 1 min read
കൊൽക്കത്ത : ക്യാമ്പസിലെ സംഘപരിവാർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും 19 ദിവസമായി സമരത്തിലുള്ള വിദ്യാർഥികൾക്കുനേരെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്‌ആർഎഫ്‌ടിഐ) അധികൃതരുടെ പ്രതികാര നടപടി. രണ്ട് വിദ്യാർഥി യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ ആറുപേരെ പുറത്താക്കി.
ശുഭം വെയ്ദാൻഡെ, ആരോൺ പി ജോയ്, അപ്പു സോമൻ, അഭിലാഷ് ബി നായർ, നചികേത് ശശികാന്ത് പവാർ, എം ധിവഹർ എന്നിവരെയാണ് പുറത്താക്കിയത്. വൈസ് ചാൻസലർ സന്തോഷ് അജ്മേരയെ കൈയേറ്റം ചെയ്തെന്നും ഓഫീസിൽ നാശനഷ്‌ടമുണ്ടാക്കിയെന്നും ആരോപിച്ചാണ് നടപടി.
കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്നും സമാധാനപരമായാണ് പ്രതിഷേധിക്കുന്നതെന്നും വിദ്യാർഥി യൂണിയൻ പറഞ്ഞു. അന്യായമായ നടപടിയാണിത്. വിസി രാജിവയ്‌ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു– യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു.
ആർഎസ്‌എസ് സംഘടനയായ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് സെപ്‌തംബർ 27ന് കാമ്പസ് ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികളെയും അധ്യാപകരെയും തല്ലിച്ചതയ്ക്കുകയും ചെയ്‌തിരുന്നു. രണ്ട് അധ്യാപകർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഒക്‌ടോബർ നാലിന് ആക്രോശവുമായെത്തിയ ബംഗിയ ഹിന്ദു ജാഗരൺ മഞ്ചുകാർ പ്രധാന കവാടത്തിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ഗേറ്റ് തകർക്കാൻ ശ്രമിച്ച സംഘം ക്യാമ്പസിനകത്തേക്ക് കല്ലുകളും കുപ്പികളും എറിയുകയുണ്ടായി. സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 27 മുതൽ യൂണിയൻ നേതൃത്വത്തിൽ വിദ്യാർഥികൾ സമരത്തിലാണ്.









0 comments