ad
Deshabhimani

പവൻ കല്യാണിനെയും രാം ചരണിനെയും ട്രോളി: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ അനുദീപ് കാട്ടികല കസ്റ്റഡിയിൽ

pawan kalyan ramcharan
വെബ് ഡെസ്ക്

Published on Apr 15, 2026, 08:24 PM | 2 min read

കാക്കിനട: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ, രാം ചരൺ എന്നിവരെയും കുടുംബാംഗങ്ങളെയും പരിഹസിച്ച് സ്റ്റാൻഡ് അപ്പ് കോമഡി അവതരിപ്പിച്ച അനുദീപ് കാട്ടികലയെ ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രയാഗ്‌രാജിൽ വെച്ചാണ് കാക്കിനട പൊലീസ് അനുദീപിനെ പിടികൂടിയത്. പവൻ കല്യാണിന്റെ ജനസേനാ പാർട്ടി (ജെഎസ്പി) പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.


ടോളിവുഡ് താരങ്ങളെയും ആരാധകരെയും ട്രോളി അനുദീപ് അവതരിപ്പിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പവൻ കല്യാണിന്റെ വിവാഹങ്ങളെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് കോമഡി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ജനസേനാ പാർട്ടി ജില്ലാ ജോയിന്റ് സെക്രട്ടറി ബഡേ വെങ്കിട കൃഷ്ണയാണ് കാക്കിനട ഐ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.


ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ സ്വകാര്യ ജീവിതത്തെയും വിവാഹങ്ങളെയും ലക്ഷ്യമിട്ടായിരുന്നു അനുദീപിന്റെ പ്രധാന പരാമര്‍ശം. "ഭാര്യയെ എങ്ങനെ വിവാഹമോചനം ചെയ്യണമെന്ന് പവൻ കല്യാണിൽ നിന്ന് പഠിക്കണം" എന്നായിരുന്നു ഒരു വീഡിയോയിലെ പരാമർശം. പവൻ കല്യാണിന്റെ സഹോദരപുത്രി നിഹാരിക കൊണിഡേലയുടെ വിവാഹമോചനത്തെയും ഇതിലേക്ക് വലിച്ചിഴച്ചു.


ഇതിനുപുറമെ, നടൻ രാം ചരണിന്റെ ഭാര്യ ഉപാസനയ്ക്ക് അദ്ദേഹത്തേക്കാൾ സമ്പത്തുണ്ടെന്ന് പരിഹസിച്ച അനുദീപ്, രാം ചരണിനെ 'ഫെമിനിസ്റ്റ്' എന്ന് വിശേഷിപ്പിക്കുകയും ഭാര്യയേക്കാൾ കുറഞ്ഞ വരുമാനമുള്ള പുരുഷന്മാരെക്കുറിച്ച് മോശം പദപ്രയോഗം നടത്തുകയും ചെയ്തു. ബാലകൃഷ്ണ, മഹേഷ് ബാബു, ജൂനിയർ എൻടിആർ തുടങ്ങിയ മുൻനിര താരങ്ങളെയും അവരുടെ ആരാധകരെയും പരിഹസിക്കുന്ന വീഡിയോകളും അനുദീപ് മുൻപ് പങ്കുവെച്ചിട്ടുണ്ട്.


സംഭവത്തിൽ അനുദീപ് പിന്നീട് മാപ്പ് പറഞ്ഞ് വീഡിയോ പുറത്തുവിട്ടിരുന്നു. ആരാധകരുടെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്യാനാണ് താൻ ശ്രമിച്ചതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിശദീകരണം തള്ളിക്കൊണ്ടാണ് പൊലീസ് നടപടി.


ഐഐടി ബോംബെ ബിരുദധാരിയായ അനുദീപ് ഹൈദരാബാദ് ആസ്ഥാനമായുള്ള 'സില്ലി സൗത്ത് കോമഡി ക്ലബ്ബിന്റെ' സ്ഥാപകനാണ്. അനുദീപിനെ കസ്റ്റഡിയിലെടുത്തതിനെതിരെ നിരവധി സ്റ്റാൻഡ് അപ്പ് കൊമേഡിയന്മാർ രംഗത്തെത്തിയിട്ടുണ്ട്. തമാശ പറഞ്ഞതിന്റെ പേരിൽ ഒരാളെ കസ്റ്റഡിയിലെടുക്കുന്നത് ശരിയല്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് അനുദീപിനെതിരെ കേസെടുത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home