ad
Deshabhimani

എരുമപ്പാൽ കുടിച്ചാൽ മന്ദബുദ്ധിയാകും, പശുവിൻ പാൽ ബുദ്ധി വർദ്ധിപ്പിക്കും; വിചിത്ര വാദവുമായി രാജസ്ഥാൻ മന്ത്രി

Madan Dilawar.jpg
വെബ് ഡെസ്ക്

Published on Feb 24, 2026, 10:11 AM | 1 min read

ജയ്‌പൂർ: ശാസ്ത്രബോധത്തെ വെല്ലുവിളിക്കുന്ന വിചിത്ര വാദവുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. നാടൻ പശുക്കളുടെ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകുമെന്നും എന്നാൽ എരുമപ്പാൽ കുടിക്കുന്നവർ മന്ദബുദ്ധികളും മടിയന്മാരുമായി മാറുമെന്നുമാണ് മന്ത്രിയുടെ കണ്ടെത്തൽ.


കോട്ടയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് വിദ്യാഭ്യാസ മന്ത്രിയെന്ന പദവിയെ പോലും പരിഹസിക്കുന്ന രീതിയിലുള്ള പരാമർശം അദ്ദേഹം നടത്തിയത്. തന്റെ വാദത്തെ ന്യായീകരിക്കാൻ വിചിത്രമായ ഉദാഹരണങ്ങളും മന്ത്രി നിരത്തി.


പശുക്കിടാവിനെ ദൂരെ നിർത്തിയാൽ അത് കൃത്യമായി അമ്മയുടെ അടുത്തേക്ക് ഓടിയെത്തും, എന്നാൽ എരുമക്കിടാവിന് അമ്മയെ തിരിച്ചറിയാൻ പ്രയാസമാണെന്നാണ് മന്ത്രിയുടെ വാദം. എരുമപ്പാൽ കുടിച്ചാൽ കിടാങ്ങൾ ചുമയ്ക്കുകയും ഉറക്കം തൂങ്ങുകയും ചെയ്യുമെന്നും എന്നാൽ പശുവിൻ പാൽ കുടിക്കുന്ന കിടാങ്ങൾ ഊർജ്ജസ്വലതയോടെ ഓടിനടക്കുമെന്നും അദ്ദേഹം പറഞ്ഞു.


പശുവിൻ പാലിന് എരുമപ്പാലിനേക്കാൾ ബുദ്ധിശക്തി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലെന്ന് പോഷകാഹാര വിദഗ്ധരും ഡോക്ടർമാരും വ്യക്തമാക്കുന്നു. ഇതിനുമുൻപും വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് മദൻ ദിലാവർ.


അധ്യാപകർ വേഷവിധാനത്തിൽ ശ്രദ്ധിക്കണമെന്നും സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും നേരത്തെ അദ്ദേഹം ഉത്തരവിട്ടിരുന്നു. ശാസ്ത്രീയ അവബോധം വളർത്തേണ്ട വിദ്യാഭ്യാസ മന്ത്രി തന്നെ ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷം ആരോപിച്ചു.


രാജസ്ഥാനിലെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പാലിന്റെ ഗുണഗണങ്ങൾ അളക്കുന്ന തിരക്കിലാണ് മന്ത്രിയെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുകയാണ്. കുട്ടികൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്ന ഇത്തരം പ്രസ്താവനകൾ പിൻവലിക്കണമെന്ന ആവശ്യവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home