Deshabhimani

കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

delhi rain
വെബ് ഡെസ്ക്

Published on Oct 08, 2026, 05:54 PM | 1 min read

ന്യൂഡൽഹി: വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മഴയ്ക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലും ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉത്തരാഖണ്ഡിലെ ഡെഹ്‌റാഡൂൺ, ഹരിദ്വാർ, തെഹ്‌രി, പൗരി ഗർവാൾ, അൽമോറ, നൈനിറ്റാൾ, ചമ്പാവത്, ഉദ്ദം സിംഗ് നഗർ എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 4 ദിവസങ്ങളിൽ ഇവിടെ മഴയ്ക്കും മണിക്കൂറിൽ 30-40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മഴയ്ക്കും 4,200 മീറ്ററിന് മുകളിലുള്ള പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ഒക്ടോബർ 9ന് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ലഖ്‌നൗവിലും മഴയ്ക്ക് സാധ്യതയുണ്ട്. ഹിമാചൽ പ്രദേശിൽ ഒക്ടോബർ 11 വരെ മിന്നലോട് കൂടിയ മഴയും കാറ്റും തുടരും. ജമ്മു കശ്മീരിലും ലഡാക്കിലും മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പഞ്ചാബിൽ ഞായറാഴ്ച വരെ ചില ഭാഗങ്ങളിൽ മിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


കേരളം, തമിഴ്‌നാട്, പുതുച്ചേരി, മാഹി, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലും മഴയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്.

കേരളത്തിൽ,

08/10/2026: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം

09/10/2026: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

10/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home