റെയിൽവേ ടിക്കറ്റ് നിരക്ക് വർധനവ് ഉടൻ പിൻവലിക്കണം: എ എ റഹീം എംപി

ന്യൂഡൽഹി : ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള റെയിൽവേയുടെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. ഓർഡിനറി ക്ലാസിന് കിലോമീറ്ററിന് ഒരു പൈസ നിരക്കിലും എ സി കോച്ചിന് രണ്ട് പൈസ നിരക്കിലും വർധിപ്പിക്കാനുള്ള റെയിൽവേയുടെ തീരുമാനം പ്രത്യക്ഷത്തിൽ ചെറുതാണെങ്കിലും സാധാരണക്കാരിൽ അത് ഉണ്ടാക്കാൻ പോകുന്ന സാമ്പത്തിക ബാധ്യത വലുതാണ്.
രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർധിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലാളികൾ, വിദ്യാർഥികൾ, ചെറുകിട കച്ചവടക്കാർ, അതിഥി തൊഴിലാളികൾ തുടങ്ങി താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളുടെ നിത്യേനയുള്ള ആശ്രയമാണ് റെയിൽവേ. അവശ്യവസ്തുക്കൾ, ഇന്ധനം, ഭക്ഷണം തുടങ്ങി എല്ലാ മേഖലയിലും വിലവർധനവ് ഉണ്ടാകുമ്പോൾ യാത്രയ്ക്ക് കൂടി കൂടുതൽ തുക ചിലവാക്കേണ്ടി വരുന്നത് സാധാരണക്കാരനെ സംബന്ധിച്ച് താങ്ങാൻ പറ്റാത്തതാണ്.
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഗതാഗതം ഉൾപ്പെടെയുള്ള പൊതുമേഖലകൾ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തമാണ് സർക്കാറിനുള്ളത്. എന്നാൽ സാധാരണക്കാരെ വരുമാനോപാധിയായി മാത്രമാണ് റെയിൽവേ കാണുന്നത്. ഈയൊരു സമീപനം തിരുത്തണമെന്നും, റെയിൽവേ അടക്കമുള്ള പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ സർക്കാർ തയാറാകണമെന്നും നിലവിൽ വർധിപ്പിച്ച റെയിൽവേ യാത്ര നിരക്ക് ഉടൻ പിൻവലിക്കണമെന്നും എ എ റഹീം എംപി ആവശ്യപ്പെട്ടു.










0 comments