റെയിൽവേ കോച്ച് അറ്റൻഡന്റ് യോഗ്യത പുതുക്കി; ഇനി പ്ലസ് ടുവും ഐടിഐയും നിർബന്ധം

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ കോച്ച് അറ്റൻഡന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. നേരത്തെ പത്താം ക്ലാസ് ആയിരുന്ന കുറഞ്ഞ യോഗ്യത ഇനി മുതൽ പ്ലസ് ടു ആയിരിക്കും.
വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് തുടങ്ങിയ അത്യാധുനിക ട്രെയിനുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഈ നടപടി. പുതിയ മാനദണ്ഡപ്രകാരം പ്ലസ് ടുവിനൊപ്പം ഹൗസ് കീപ്പിങ്ങിൽ മൂന്ന് മാസത്തെ പരിശീലനവും ഐടിഐ സർട്ടിഫിക്കറ്റും ഉള്ളവർക്കായിരിക്കും മുൻഗണന.
കോച്ചുകളിലെ ലൈറ്റുകൾ, സീറ്റ് ബെൽറ്റുകൾ തുടങ്ങിയവയിലുണ്ടാകുന്ന ചെറിയ സാങ്കേതിക തകരാറുകൾ വേഗത്തിൽ പരിഹരിക്കാൻ സാങ്കേതിക പരിജ്ഞാനമുള്ളവർ എത്തുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് യോഗ്യത ഉയർത്താൻ തീരുമാനിച്ചത്. റെയിൽവേ നേരിട്ടല്ല ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്, പകരം സ്വകാര്യ ഏജൻസികൾ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം തൊഴിൽ നൈപുധ്യമുള്ളവരെ ഈ മേഖലയിലേക്ക് എത്തിക്കുകയാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.










0 comments