Deshabhimani

പ്രധാനമന്ത്രിക്ക് കത്തയച്ചു

പഹൽഗാം; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് രാഹുൽ ഗാന്ധി

Rahul Garge
വെബ് ഡെസ്ക്

Published on Apr 29, 2025, 11:41 AM | 1 min read

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ ഭീകരതയ്‌ക്കെതിരെ എപ്പോഴും ഒരുമിച്ച് നില്‍ക്കുന്നുവെന്ന് ഇന്ത്യ കാണിച്ചുകൊടുക്കേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.


“ജനപ്രതിനിധികള്‍ക്ക് അവരുടെ ഐക്യവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നതിനായി ഒരു പ്രത്യേക സമ്മേളനം വിളിക്കേണ്ടത് അനിവാര്യമാണെന്ന് പ്രതിപക്ഷം വിശ്വസിക്കുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനെയും രോഷം കൊള്ളിച്ചിരിക്കുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍, ഭീകരവാദത്തിനെതിരെ നമ്മള്‍ എപ്പോഴും ഒരുമിച്ച് നില്‍ക്കുമെന്ന് ഇന്ത്യ കാണിക്കണം” രാഹുല്‍ പറഞ്ഞു.



ഇതേ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗയും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.


കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ


ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നു. ഏകദേശം ഒരു മണിക്കൂറോളമായി വെടിവെപ്പ് തുടരുകയാണ്.


കഴിഞ്ഞദിവസം കുല്‍ഗാം വനേമേഖലയില്‍ വെച്ച് ഭീകരരും സൈന്യവും തമ്മിൽ വെടിവെപ്പുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് സമീപത്തെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


ഭീകരര്‍ നിലവില്‍ ദക്ഷിണ കശ്മീരില്‍ തന്നെയുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികളുടെ അനുമാനം. സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. ഭീകരാക്രമണം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും തിരച്ചിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home