ad
Deshabhimani

ജൂൺ 25 മുതൽ ജൂലൈ ആറ്‌ വരെ ലണ്ടനിൽ , സെപ്‌തംബർ നാല്‌ മുതൽ എട്ട്‌ വരെ മലേഷ്യയില്‍

print edition രാഹുൽ ഗാന്ധി 
ഉല്ലാസയാത്രയിൽ ; നിർണായക ഘട്ടത്തിലെല്ലാം വിദേശത്തേക്ക്‌ മുങ്ങുന്നത് സ്ഥിരം സമീപനം

rahul gandhi tour

രാഹുൽ ഗാന്ധി ജർമനിയിലെ മ്യൂണിക്കിൽ ബിഎംഡബ്ല്യു ബെെക്കിൽ

വെബ് ഡെസ്ക്

Published on Dec 18, 2025, 03:23 AM | 2 min read


ന്യൂഡൽഹി

ഗ്രാമീണജനതയുടെ ജീവനാഡിയായ തൊഴിലുറപ്പ്‌ പദ്ധതിയെ നശിപ്പിക്കുന്ന ബില്‍ പാർലമെന്റ്‌ പരിഗണിക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ജർമനിയിൽ ഉല്ലാസയാത്രയിൽ. തീർത്തും തൊഴിലാളിവിരുദ്ധമായ ബില്ലിനെ പ്രതിപക്ഷ നേതാവെന്ന നിലയിൽ എതിർക്കാൻ മുന്നിട്ടിറങ്ങേണ്ട സമയത്താണ്‌ രാഹുലിന്റെ അസാന്നിധ്യം. ബില്‍ ലോക്‌സഭ ബുധനാഴ്‌ച ചർച്ചയ്‌ക്കെടുത്തപ്പോൾ ജർമനിയിൽ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്‌ള്യുവിന്റെ ഫാക്‌ടറി സന്ദർശിക്കുകയായിരുന്നു രാഹുല്‍. സുപ്രധാന ബില്ലുകൾ പരിഗണിക്കുന്നതിനാൽ മൂന്നുദിവസം പാർലമെന്റിൽ നിർബന്ധമായും ഹാജരായിരിക്കണമെന്ന കോൺഗ്രസ്‌ വിപ്പ്‌ ലംഘിച്ചാണ്‌ വിദേശയാത്ര. ശനിയാഴ്‌ച വരെ രാഹുൽ ജർമനിയിൽ തുടരും.


നിര്‍ണായക സമ്മേളനത്തിനിടെ രാഹുൽ വിദേശത്തേക്ക്‌ പറന്നതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധമുണ്ട്‌. ബിഹാറിൽ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പ്‌ വോട്ടർ അധികാർ യാത്ര സംഘടിപ്പിച്ച രാഹുൽ പിന്നീട്‌ കാര്യമായ പ്രചാരണത്തിന്‌ മെനക്കെടാതെ തുടർച്ചയായ വിദേശപര്യടനത്തിലായിരുന്നു. ആറുമാസത്തിനിടെ അഞ്ചുവട്ടമാണ്‌ വിദേശത്തേക്ക്‌ പോയത്‌.


നിർണായക ഘട്ടത്തിലെല്ലാം 
മുങ്ങുന്ന രാഹുൽ

രാജ്യം സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിലെല്ലാം വിദേശത്തേക്ക്‌ മുങ്ങുന്നത് രാഹുല്‍ഗാന്ധിയുടെ സ്ഥിരം സമീപനം.ആറുമാസത്തിനിടെ അഞ്ചുവട്ടമാണ്‌ രാഹുൽ വിദേശത്ത് പോയത്‌. ജൂൺ 25 മുതൽ ജൂലൈ ആറ്‌ വരെ ലണ്ടനിലായിരുന്നു. സെപ്‌തംബർ നാല്‌ മുതൽ എട്ട്‌ വരെ മലേഷ്യയിലേക്ക്‌ പോയി. സെപ്‌തംബറിൽ തന്നെ ബ്രസീലും കൊളംബിയയും സന്ദർശിച്ചു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുശേഷം ചുരുക്കം ദിവസങ്ങളിൽ മാത്രമാണ്‌ ബിഹാറിലേക്ക്‌ പോയത്‌. കോൺഗ്രസിനെ ഗ‍ൗരവത്തോടെ നയിക്കാതെ പലപ്പോഴും വിദേശത്തേക്ക്‌ പറക്കാൻ രാഹുൽ താൽപ്പര്യപ്പെടുന്നത്‌ നേരത്തെയും വിമർശിക്കപ്പെട്ടിട്ടുണ്ട്‌. ധ്യാനത്തിനെന്ന പേരിൽ 2015 ൽ തായ്‌ലാൻഡ്‌, മ്യാൻമർ, കംബോഡിയ എന്നിവിടങ്ങളിലായി രണ്ടുമാസമാണ്‌ ചെലവഴിച്ചത്‌. 2018 ലെ ബജറ്റ്‌ സമ്മേളന ഘട്ടത്തിൽ വിദേശത്തായിരുന്നു.


2019 മെയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിന്‌ പിന്നാലെ ബ്രിട്ടനിലേക്ക്‌ പറന്നു. 2019 ഒക്‌ടോബറിൽ ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്‌ മുമ്പായി ബാങ്കോക്കിലേക്ക്‌ പോയി. 2019 ഡിസംബറിൽ ജാർഖണ്ഡ്‌ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ദക്ഷിണ കൊറിയയിൽ ഉല്ലാസയാത്രയിലായിരുന്നു. ഇ‍ൗ ഘട്ടത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെട്ട സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ രാഹുൽ പങ്കാളിയായില്ല. 2020 ഡിസംബറിൽ കോൺഗ്രസിന്റെ സ്ഥാപകദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാതെ ഇറ്റലിക്ക്‌ പറന്നു.


2022 തുടക്കത്തിൽ പഞ്ചാബും ഗോവയുമടക്കം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങിയ ഘട്ടത്തിലും രാഹുൽ പുതുവത്സരാഘോഷങ്ങൾക്കായി വിദേശത്തായിരുന്നു. 2023 മാർച്ചിലെ ബജറ്റ്‌ സമ്മേളന ഘട്ടത്തിലും രണ്ടാഴ്‌ച വിദേശത്തായിരുന്നു. കഴിഞ്ഞ സെപ്‌തംബറിൽ പഞ്ചാബും ഹിമാചലും ഉൾപ്പെടെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ വലിയ നാശം വിതച്ചപ്പോൾ ആശ്വാസവുമായി എത്താതെ രാഹുൽ മലേഷ്യയിൽ ഉല്ലാസയാത്രയിലായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home