ad
Deshabhimani

ഇന്ത്യൻ ഫോട്ടോജേണലിസത്തിന്റെ പിതാവിന് വിട; രഘു റായ് അന്തരിച്ചു

Raghu Rai

രഘു റായ് (Photo Credit: The Hindu)

വെബ് ഡെസ്ക്

Published on Apr 26, 2026, 08:56 AM | 2 min read

ന്യൂഡൽഹി : പ്രശസ്ത ഫോട്ടോ​ഗ്രാഫർ രഘു റായ് അന്തരിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേ​ഹത്തിന്റെ കുടുംബമാണഅ മരണവിവരം പങ്കുവച്ചത്. 83 വയസായിരുന്നു. എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ​ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ, ആവണി, പുർവൈ എന്നിവർ മക്കളാണ്. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.


ഇന്ത്യൻ ഫോട്ടോഗ്രഫിയിലെയും ഫോട്ടോ ജേണലിസത്തിലെയും അതികായനാണ് രഘു റായ്. ഇന്ദിരാഗാന്ധി തുടങ്ങി ഇന്ത്യയുടെ മുൻനിര ഭരണാധികാരികളുടെ അത്യപൂർവ്വമായ ചിത്രങ്ങൾ ഉൾപ്പെടെ, രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം രഘു റായിയുടെ ക്യാമറക്കണ്ണുകളിലൂടെയാണ് ലോകം കണ്ടത്.


Indira Gandhi with familyഇന്ദിരാഗാന്ധി, സോണിയാ ഗാന്ധി, പേരക്കുട്ടികൾ എന്നിവർക്കൊപ്പം; രഘു റായിയുടെ കാമറയിൽ. കടപ്പാട്: രഘു റായ് & ഫോട്ടോഇങ്ക്


ഭോപ്പാൽ ദുരന്തത്തിന്റെ തീവ്രത ലോകത്തിന് മുന്നിലെത്തിച്ചത് അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. കണ്ണുകൾ പാതിതുറന്ന നിലയിലുള്ള ആ പിഞ്ചുബാലന്റെ മൃതദേഹത്തിന്റെ ചിത്രം ഇന്നും ആ ദുരന്തത്തിന്റെ മുഖമുദ്രയായി തുടരുന്നു. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ എന്ന ബഹുമതിയും അദ്ദേഹത്തിനാണ്. മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനും എത്രയോ മുൻപേ 'സെയ്ന്റ് മദർ' എന്ന പേരിൽ ഒരു പുസ്തകം തന്നെ അദ്ദേഹം പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ നിർണായക നിമിഷങ്ങൾ പകർത്തിയതിലൂടെ ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർക്ക് അദ്ദേഹം ഒരു വലിയ പ്രചോദനമായി.


പഞ്ചാബിലെ ജംഗിൽ ജനിച്ച രഘു റായിയുടെ മുഴുവൻ പേര് രഘുനാഥ് റായ് ചൗധരി എന്നാണ്. 1962ലാണ് അദ്ദേഹം ഫോട്ടോഗ്രാഫി പ്രൊഫഷനായി എടുത്തത്. സ്റ്റേറ്റ്‌സ്മാനിലാണ് ആദ്യമായി ജോലി ചെയ്തത്. പതിനെട്ടിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അതുല്യമായ ചിത്രങ്ങൾ ലോകപ്രശസ്ത പ്രസിദ്ധീകരണങ്ങളായ ടൈം, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, സൺഡേ ടൈംസ്, ന്യൂസ്‌വീക്ക്, ദി ഇൻഡിപെൻഡന്റ്, ന്യൂയോർക്കർ എന്നിവയിൽ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ജീവിതത്തിന്റെ വൈവിധ്യവും ചരിത്രപരമായ നിമിഷങ്ങളും ആഗോള വായനക്കാർക്ക് മുന്നിലെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വലിയ സ്വാധീനമാണ് ചെലുത്തിയത്.


Bhopal_girl_raghu_raiഭോപ്പാൽ വാതക ദുരന്തം - കണ്ണുകൾ പാതിതുറന്ന നിലയിലുള്ള പിഞ്ചുബാലന്റെ മൃതദേഹത്തിന്റെ ചിത്രം.


ഭോപ്പാൽ വാതക ദുരന്തം ക്യാമറയിൽ പകർത്തിയ അദ്ദേഹം പിന്നീട് ഇതേക്കുറിച്ച് 'എക്‌സ്‌പോഷർ, എ കോർപറേറ്റ് ക്രൈം' എന്ന പേരിൽ പുസ്തകവും പുറത്തിറക്കി. പ്രശസ്ത ഫോട്ടോഗ്രാഫർ എസ് പോൾ ആണ് സഹോദരൻ. ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ അന്താരാഷ്ട്രസഹകരണ കൂട്ടായ്മയായ മാഗ്നം ഫോട്ടോസിലെ അംഗം കൂടിയാണ് രഘു റായ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home