പടക്കം വീട്ടിലുണ്ടാക്കാൻ ശ്രമം; പൊട്ടിത്തെറിയിൽ 19 കാരന് ദാരുണാന്ത്യം

ഗുരുദാസ്പൂർ: ദീപാവലി ആഘോഷിക്കാനായി വീട്ടിൽ സ്വന്തമായി പടക്കം നിർമിക്കാൻ ശ്രമിച്ച 19 കാരന് ദാരുണാന്ത്യം. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം.
പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലാണ് സംഭവം. പടക്കം വാങ്ങാൻ പണം ഇല്ലാത്തതിനെത്തുടർന്ന് വീട്ടിൽ പടക്കമുണ്ടാക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. ചൊവ്വാഴ്ച രാത്രിയോടെയാണ് കുടുംബാംഗങ്ങളായ ആറ് പേർ ചേർന്ന് വീട്ടിൽ വെച്ച് പടക്കം നിർമ്മിക്കാൻ ശ്രമിച്ചത്.
ഇതിനിടയിൽ സൂക്ഷിച്ചുവച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ മൻപ്രീത് (19 വയസ്) എന്ന യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. മൻപ്രീതിന്റെ സഹോദരൻ ലവ്പ്രീത് സിംഗ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പരിക്കേറ്റവരിൽ ഒരാൾക്ക് കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെടുകയും മറ്റൊരാൾക്ക് രണ്ട് കൈകൾക്കും പൊള്ളലേൽക്കുകയും ഒരാൾക്ക് താടിയെല്ലിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ദരിദ്ര കുടുംബമായതിനാലാണ് ഇവർ പടക്കം വാങ്ങുന്നതിനു പകരം സ്വന്തമായി നിർമ്മിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments