പൂനെ മെട്രോയിൽ ചോർച്ച: കനത്ത മഴയിൽ കോച്ചിനുള്ളിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ; വീഡിയോ

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ കനത്ത മഴയെത്തുടർന്ന് സർവീസ് നടത്തിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിന്റെ കോച്ചിനുള്ളിൽ വെള്ളം ചോർന്നൊലിച്ചു. പിംപ്രി - സ്വർഗേറ്റ് പർപ്പിൾ ലൈനിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ മുകൾഭാഗത്ത് നിന്ന് കോച്ചിനുള്ളിലേക്ക് ശക്തമായി വെള്ളം ഒലിച്ചിറങ്ങുകയായിരുന്നു. നിമിഷങ്ങൾക്കകം മെട്രോയ്ക്ക് ഉള്ളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. യാത്രക്കാർ ഏറെയുള്ള സമയത്താണ് കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോർന്നത്.
മേൽക്കൂരയിൽ നിന്ന് ശക്തമായി വെള്ളം വീഴാൻ തുടങ്ങിയതോടെ നനയാതിരിക്കാൻ യാത്രക്കാർ മറ്റ് ഭാഗങ്ങളിലേക്ക് മാറിനിൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മെട്രോ കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി സർവീസ് നടത്തുന്ന അത്യാധുനിക മെട്രോ സംവിധാനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളെയും നിർമാണ നിലവാരത്തെയും ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം.
മെട്രോ കോച്ചിനുള്ളിലേക്ക് ഇത്തരത്തിൽ വെള്ളം ഇരച്ചുകയറിയത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ മെട്രോ അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ അടിയന്തര പരിശോധന ഉറപ്പാക്കണമെന്ന് യാത്രക്കാരും സിവിക് സംഘടനകളും ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മഹാരാഷ്ട്രയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
ഇതിനിടയിലാണ് വെള്ളിയാഴ്ച പൂനെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത പ്രീ-മൺസൂൺ മഴ പെയ്തത്. പൂനെയിൽ മാത്രം 13.1 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മഴയെ തുടർന്ന് നഗരത്തിൽ ചൂടിന് ആശ്വാസമുണ്ടായെങ്കിലും മെട്രോയിലെ ചോർച്ച യാത്രക്കാരെ വലച്ചു.










0 comments