ad
Deshabhimani

വൈനിനൊപ്പം ഫ്രീ ബിയർ; വാലന്റൈൻസ് ഡേ ഓഫറിന് പൂട്ടിട്ട് പോണ്ടിച്ചേരി എക്സൈസ്

pondicherry wine
വെബ് ഡെസ്ക്

Published on Feb 10, 2026, 09:58 PM | 1 min read

പോണ്ടിച്ചേരി: വാലന്റൈൻസ് ഡേ പ്രമാണിച്ച് മദ്യപാനികളെ ആകർഷിക്കാൻ 'വൈനിനൊപ്പം സൗജന്യ ബിയർ' വാഗ്ദാനം ചെയ്ത മദ്യശാലയ്ക്കെതിരെ നടപടിയുമായി പോണ്ടിച്ചേരി എക്സൈസ് വകുപ്പ്. 1970ലെ പുതുച്ചേരി എക്സൈസ് നിയമങ്ങളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ കടയുടെ ഓഫറുകൾ തടഞ്ഞത്.


ഒരു പ്രത്യേക ബ്രാൻഡ് വൈൻ വാങ്ങുന്നവർക്ക് ബിയർ സൗജന്യമായി നൽകുമെന്നായിരുന്നു ഷോപ്പുടമയുടെ വാഗ്ദാനം. ചെറിയ വൈൻ കുപ്പിക്ക് ഒരു ബിയർ ക്യാനും വലിയ കുപ്പിക്ക് നാല് ബിയർ ക്യാനുകളുമാണ് ഓഫർ ചെയ്തിരുന്നത്. ഷോപ്പുടമ ടിവി അഭിമുഖത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഈ ഓഫർ പരസ്യപ്പെടുത്തിയതോടെയാണ് എക്സൈസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.


മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രൊമോഷനുകൾ നിയമവിരുദ്ധമാണെന്ന് റവന്യൂ ഉദ്യോഗസ്ഥനായ രാജേഷ് ഖന്ന അറിയിച്ചു. മദ്യശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാലന്റൈൻസ് ഡേയോടനുബന്ധിച്ച് ഇത്തരം വിചിത്രമായ ഓഫറുകൾ നൽകുന്ന മദ്യശാലകളെ നിരീക്ഷിക്കാൻ പ്രത്യേക പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. വൈനും ബിയറും കലർത്തി കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം പരസ്യങ്ങൾ അനുവദിക്കില്ലെന്നാണ് എക്സൈസ് നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home