ഗ്യാനേഷിന്റെ രാജി: ഡൽഹിയിൽ ഇന്ന് പ്രതിഷേധ കൊടുങ്കാറ്റ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും കളഞ്ഞുകുളിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് വൻ പ്രതിഷേധം. രാവിലെ പത്ത് മണിയോടെ ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനകളും സിജെപിയും ജന്തർമന്തറിൽ സംയുക്ത പ്രക്ഷോഭം ആരംഭിക്കും. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ പ്രതിഷേധിക്കാൻ രാജ്യമൊന്നാകെ ഇന്ന് ഡൽഹിയിലേക്ക് ഇരച്ചെത്തും
ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് തടയിടാൻ, അടിച്ചമർത്തൽ നടപടികളുമായി കേന്ദ്രസർക്കാർ. രാജ്യവ്യാപകമായി വിദ്യാർഥികളെയും പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കുകയാണ് പൊലീസ്. ഡൽഹിയിലേക്ക് പുറപ്പെട്ട നൂറുകണക്കിനാളുകളെ യാത്രാമധ്യേ അറസ്‌റ്റ്‌ചെയ്യുന്നു. രാജ്യമാകെ അപ്രഖ്യാപിത അടിയന്തരാവസ്ഥയും പൊലീസ് വേട്ടയുമാണ്. വിവിധ സംസ്ഥാനങ്ങളിലായി എസ്‌എഫ-്‌ഐ, സിജെപി നേതാക്കളടക്കം ആയിരങ്ങൾ വീട്ടുതടങ്കലിലാണ്. പ്രക്ഷോഭകരെ തടയാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസും റദ്ദാക്കി. യുപി, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള 20 ട്രെയിൻ റദ്ദാക്കി. ഡൽഹിയിൽ ഭവാന രാജീവ് ഗാന്ധി സ്‌റ്റേഡിയം, ഛത്രസാൽ ഇൻഡോർ സ്റ്റേഡിയം തുടങ്ങി 15 പൊലീസ് ജില്ലകളിലും തടങ്കൽപാളയങ്ങൾ തുറന്നു.
പ്രക്ഷോഭം അടിച്ചമർത്താൻ ഡൽഹിയിൽ സന്പൂർണ പൊലീസ്‌രാജ് ഏർപ്പെടുത്തി. 57 മെട്രോ സ്‌റ്റേഷനും ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനുകളും അടച്ചിടാൻ പൊലീസ് നിർദേശിച്ചിരിക്കയാണ്. യുവജനങ്ങളെ അറസ്റ്റ് ചെയ്‌ത് കൊണ്ടുപോകാൻ നൂറുകണക്കിന് ബസുകൾ സജ്ജമാക്കി. 23,000 അർധസൈനികരെ നിരത്തുകളിൽ അധികമായി വിന്യസിച്ചു. 37 ചെക്ക് പോയിന്റുകൾ കടന്നുവേണം ജന്തർമന്തറിലെത്താൻ. ഫലത്തിൽ ഡൽഹിയെ പൂർണമായും തടങ്കലിലാക്കിയിരിക്കയാണ് കേന്ദ്രസർക്കാർ.
ജന്തർമന്തറിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കി. ഓൺലെൻ ടാക്‌സി ആപ്പുകൾക്കും മറ്റ് ടാക്‌സി സർവീസുകൾക്കും നിയന്ത്രണമേർപ്പെടുത്തി. പ്രക്ഷോഭകരെന്ന് തോന്നിക്കുന്നവർക്ക് മുറി നൽകരുതെന്ന് ഹോട്ടലുകളെ വിലക്കി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോസ്‌റ്ററുകളും ബാനറുകളും പ്രിന്റ് ചെയ്യുന്നതിനും വിലക്കുണ്ട്. കൊണാട്ട് പ്ലേസ്, ഭഗീരഥ് പാലസ്, ചാന്ദ്‌നി ചൗക്ക് തുടങ്ങിയ മാർക്കറ്റുകൾ അടപ്പിച്ചു. മസ്‌ജിദുകൾ, ഹോസ്‌റ്റലുകൾ, പിജി എന്നിവിടങ്ങളിലെത്തിയ പൊലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തി. ഇടതുവിദ്യാർഥികളെ ഷാഡോ പൊലീസ് പിന്തുടരുകയാണ്.
മഹാരാഷ്‌ട്രയിലെ എസ്‌എഫ്‌ഐ പ്രവർത്തകരെ യുപിയിലെ ഝാൻസിയിൽ ട്രെയിൻ തടഞ്ഞ് ബിജെപി നേതാവിന്റെ റിസോർട്ടിലിട്ട് പൂട്ടി.
അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കാൻ മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ച് ഉത്തരവിട്ടു. ബിജ്‌റോറിലെ എസ്‌എഫ്‌ഐ നേതാവ് അഭിഷേക്, സുൽത്താൻപുർ ജില്ല പ്രസിഡന്റ് സലീൽ, സിബിഎസ്‌ഇ ഓൺ സ്‌ക്രീൻ ക്രമക്കേട് പുറത്തെത്തിച്ച പതിനെട്ടുകാരൻ അർജുൻശർമ എന്നിവരും തടവിലാണ്. ആന്ധ്രയിലെ കാക്കിനടയിൽ എസ്‌എഫ്‌ഐ നേതാവ് സാഹിതിന്റെ പിതാവിനെ തടവിലാക്കി. മധ്യപ്രദേശിൽ സിജെപി വളന്റിയറുടെ പത്തുവയസ്സുകാരൻ മകന് പൊലീസ് മർദ്ദനമേറ്റു.
കാലിന് ഗുരുതരപരിക്കേറ്റ സിജെപി ദേശീയ വക്താവ് ദീപക് ബലിയാനെ രാജസ്ഥാൻ പൊലീസ് ക്രൂരമായി മർദ്ദിച്ച് വീടിന് 100 കിലോമീറ്റർ അകലെ ഉപേക്ഷിച്ചു. പ്രക്ഷോഭകർ ഡൽഹിയിലെത്തുന്നത് തടയാൻ സംസ്ഥാനങ്ങൾ ഡൽഹി പൊലീസുമായി സഹകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്‌ച രാത്രി നിർദേശിച്ചു.
ഇന്റർനെറ്റ് വിച്ഛേദിച്ചു
പ്രക്ഷോഭകരുടെ ഒത്തുചേരൽ തടയാൻ വെള്ളി രാത്രി 10 മുതൽ ശനി രാത്രി 10 വരെ ജന്തർ മന്തറിന്റെ നാലുകിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്. പ്രക്ഷോഭകർ ബന്ധപ്പെടുന്നതും സമൂഹമാധ്യമങ്ങളിലെ പ്രചരണവും തടയാനാണ് ഇന്റർനെറ്റ് നിരോധനം.









0 comments