print edition രാജിക്ക് സമ്മർദം ശക്തം

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർടികളുടെയും സിജെപിയുടെയും രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. തിങ്കളാഴ്‌ച ഇടതുപക്ഷ പാർടികൾ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. കൊൽക്കത്തയിൽ സംയുക്ത കിസാൻ മോർച്ച ഗ്യാനേഷിന്റെ രാജി ആവശ്യം ഉന്നയിച്ച് വൻറാലി സംഘടിപ്പിച്ചു.
ഡൽഹിയിൽ ചൊവ്വാഴ്‌ച ഇടതുപക്ഷ പാർടികൾ സംയുക്തമായി തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും.
രാജ്യവ്യാപക പ്രക്ഷോഭം കൂടുതൽ തീവ്രമാക്കാൻ ഇന്ത്യാ കൂട്ടായ്‌മയിലെ കക്ഷികൾ യോഗം ചേരുന്നുണ്ട്. സമരത്തിൽ കൂടുതൽ പ്രതിപക്ഷ പാർടികളെ അണിനിരത്തും. കോൺഗ്രസ് പ്രവർത്തകസമിതി ചൊവ്വാഴ്‌ച യോഗം ചേരും. യൂത്ത് കോൺഗ്രസും എൻഎസ്‌യുഐയും നിർവാചൻ സദനിലേക്ക് മാർച്ച് നടത്തി.
രാജ്യവ്യാപക പ്രക്ഷോഭങ്ങൾ തുടരുമ്പോഴും ഗ്യാനേഷ്‌കുമാറും ‘സ്‌പോൺസർമാരാ’യ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മൗനം തുടരുന്നു. കമീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ആവശ്യമാണെന്ന് ഘടകകക്ഷികളടക്കം ആവശ്യപ്പെട്ടിട്ടും ബിജെപിയും സംഘപരിവാറും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണ്.
യുപിയും പഞ്ചാബും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ വിഷയം പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന വാദവും ബിജെപിയിലുണ്ട്.
തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണത്തിൽ പ്രതിപക്ഷ പാർടികൾ തൃപ്‌തരല്ല. അതിനിടെ സിജെപി മുംബൈ ശിവാജി പാർക്കിൽ ഒക്‌ടോബർ രണ്ടിന് നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ ജയിൽ നിറയ്‌ക്കൽ സമരം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു.
ഗ്യാനേഷ്‌കുമാറിന്റെ ആഗ്ര വിജയ് നഗറിലെ വീടിന് മുന്നിൽ ‘രാജ്യദ്രോഹി ഗ്യാനേഷ്’ (ഗ്യാനേഷ് ഗദ്ദർ) എന്ന വാചകം പ്രത്യക്ഷപ്പെട്ടു. ‘ഗ്യാനേഷ് കള്ളൻ’(ഗ്യാനേഷ് ചോർ) എന്നും സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഗേറ്റിൽ എഴുതി.









0 comments