യുപിയിൽ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ച സംഭവത്തിൽ 6 പേർക്ക് സസ്പെൻഷൻ

പ്രതീകാത്മക ചിത്രം
ഫിറോസാബാദ്: ഉത്തർപ്രദേശിൽ പൊലീസുകാരുടെ ചവിട്ടേറ്റ ഗർഭിണി പ്രവസത്തിനു പിന്നാലെ മരിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുന്നു. ഫിറോസാബാദിലെ ഷികോഹാബാദ് സ്വദേശി അഞ്ജലിയാണ് (28) മരിച്ചത്. സംഭവത്തിൽ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. . എസ്ഐമാരായ ധർമപാൽ സിങ്, സത്യപാൽ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ മോഹൻ സിങ്, അരവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ ഭവ്തോഷ് കുമാർ, കുൽദീപ് കുമാർ എന്നിവർക്കെതിരെയാണ് നടപടി.
മോഷണക്കേസിൽ പ്രതിയായ ഗൗരവിനെ അന്വേഷിച്ച് ഞായറാഴ്ച രാത്രി 11.45 ഓടെയാണ് പൊലീസ് സംഘം വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയത്. ഭർത്താവിനെ അറസ്റ്റ് ചെയ്യരുതെന്ന് അപേക്ഷിച്ച അജ്ഞലിയുടെ വയറ്റിൽ പൊലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ധർമപാൽ സിങ് ചവിട്ടുകയായിരുന്നു. തുടർന്ന് ആരോഗ്യനില മോഷമായ അഞ്ജലിയെ ഷിക്കോബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തിങ്കളാഴ്ച രാവിലെ അഞ്ജലി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
എന്നാൽ പിന്നീട് അഞ്ജലിയുടെ നില വഷളാവുകയും ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ആരോഗ്യനിലയും മോശമായി തുടരുകയാണ്. പൊലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കൊലപാതക കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുൻപിൽ ഉപരോധം ആരംഭിച്ചു. പിന്നാലെയാണ് അന്വേഷണവിധേയമായി പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.








0 comments