മുലായം സിങ് യാദവിന്റെ മകന്‍ പ്രതീക് യാദവ് അന്തരിച്ചു

ലഖ്നൗ: സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ മകന്‍ പ്രതീക് യാദവ് അന്തരിച്ചു. 38 വയസായിരുന്നു. ലഖ്‌നൗവിലെ സിവില്‍ ആശുപത്രിയില്‍വച്ചായിരുന്നു മരണം. ഏറെ നാളായി ശ്വാസകോശ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. അഖിലേഷ് യാദവിന്റെ അര്‍ധ സഹോദരനാണ് പ്രതീക് യാദവ്.
അവശനിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ 6.15 ഓടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പ്രതീകിനെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോര്‍ടത്തിന് ശേഷമാവും തുടര്‍ നടപടികൾ.
യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. പ്രതീക് ദി ഫിറ്റ്നെസ് പ്ലാനെറ്റ് എന്ന ജിം ശൃംഖലയുടെ ഉടമയുമാണ്. മറ്റ് കുടുംബാംഗങ്ങളെ പോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കയോ പാര്‍ടി പദവി വഹിക്കയോ ചെയ്തിട്ടില്ല.
ബിജെപി നേതാവും യുപി വനിതാ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്സണുമായ അപര്‍ണ യാദവാണ് ഭാര്യ. 2011 ലാണ് ഇവര്‍ വിവാഹിതരാവുന്നത്. മരണ സമയത്ത് ഭാര്യ അടുത്തുണ്ടായിരുന്നില്ല.
മുലായം സിംഗ് യാദവിന്റെ രണ്ടാം ഭാര്യയായ സാധ്‌നയുടെ മകനാണ് പ്രതീക്.










0 comments