Deshabhimani

print edition രാജ്യമാകെ പൊലീസ് വേട്ട

brinda sfi police brutality
വെബ് ഡെസ്ക്

Published on Oct 05, 2026, 01:43 AM | 2 min read

മാധ്യമപ്രവർത്തകർക്കുനേരെ 
ലൈംഗികാതിക്രമം


ന്യൂഡൽഹി: ഗ്യാനേഷ്‌ കുമാറിന്റെ രാജിക്കായുള്ള പ്രക്ഷോഭത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കുനേരെ ഡൽഹി പൊലീസിന്റെ ലൈംഗികാതിക്രമം. ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ വിവേക് ഭഗത്താണ്‌ ശനിയാഴ്‌ച പ്രതിഷേധം റിപ്പോർട്ട്‌ ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകരെ ലൈംഗികാതിക്രമത്തിന്‌ ഇരയാക്കിയത്‌. മൂന്നുപേർ പരാതിയുമായി രംഗത്തെത്തി. പൊലീസ്‌ നടപടിയെടുക്കാത്തതിൽ പാർലമെന്റ്‌ സ്‌ട്രീറ്റ്‌ സ്റ്റേഷനുമുന്നിൽ പ്രതിഷേധമുയർന്നു.


ലൈംഗികാതിക്രമത്തിന്‌ ഇരയായ മാധ്യമപ്രവർത്തക, മുതിർന്ന സിപിഐ എം നേതാവ്‌ ബൃന്ദ കാരാട്ട്‌, എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, സിജെപി സഹ കൺവീനർ സ‍ൗരവ്‌ ദാസ്‌, സിജെപി നിയമവിഭാഗം മേധാവി രത്‌ന സിങ്‌ എന്നിവർ സ്ഥലത്തെത്തി. നേതാക്കൾ പൊലീസ്‌ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു. വീഡിയോ തെളിവുണ്ടെങ്കിലേ നടപടിയെടുക്കൂവെന്നാണ്‌ പൊലീസ്‌ നിലപാട്‌.


എസ്‌എഫ്‌ഐ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ എന്നിവരും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഞായര്‍ രാത്രി വൈകിയും സ്റ്റേഷന്‌ മുന്നിൽ പ്രതിഷേധം തുടർന്നു. വിവേക് ഭഗത്തിനെതിരെ നടപടി എടുക്കണമെന്ന്‌ പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ, ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്റ്റ്‌സ്‌, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവയും ആവശ്യപ്പെട്ടു.


എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ 
വീട്ടിൽ പൊലീസ്‌ അതിക്രമം


തിരുവനന്തപുരം : യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചതിനുപിന്നാലെ എസ്എഫ്ഐ ജില്ലാസെക്രട്ടറിയുടെ വീട്ടിലും പൊലീസ്‌ അതിക്രമം. എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദന്റെ പേട്ട കല്ലിൻമൂടുള്ള വീട്ടിലാണ് ഞായറാഴ്‌ച പൊലീസ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. നന്ദന്റെ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.


കന്റോൺമെന്റ്‌ സിഐ സതീഷ്‌കുമാറിന്റെയും എസ് ഐ ഗോകുൽ ഗോപന്റെയും നേതൃത്വത്തിൽ കന്റോൺമെന്റ്‌, പേട്ട സ്റ്റേഷനുകളിലെയും ഡിസിപിയുടെ സ്‌പെഷൽ സ്‌ക്വാഡിലെയും പൊലീസാണ് വീട്‌ വളഞ്ഞത്. സർവീസ് റിവോൾവറുമായാണ് എസ്ഐ എത്തിയത്. ‘എന്റെ വീട്ടിലേക്ക്‌ പ്രതിഷേധ മാർച്ച്‌ നടത്തിയതല്ലേ, അവന്റെ വീടൊന്ന്‌ കാണാമെന്ന്‌ കരുതി’ എന്നായിരുന്നു സിഐ സതീഷ്‌കുമാറിന്റെ വെല്ലുവിളി.


പൊലീസ് സംഘത്തെ നാട്ടുകാർ തടഞ്ഞു. പ്രദേശവാസികൾ പ്രതിഷേധിച്ചതോടെ വീടിനുള്ളിൽ കയറാനാകാതെ പൊലീസ്‌ മടങ്ങി. പൊലീസ്‌ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും വീട്ടിൽ കിടന്ന്‌ ഉറങ്ങാനാവാത്ത സ്ഥിതിയാണെന്നും നന്ദന്റെ അമ്മ അമ്പിളി പറഞ്ഞു. താൻമാത്രമുള്ളപ്പോഴാണ്‌ പൊലീസ്‌ ഇരച്ചെത്തിയത്‌. സമാധാനത്തോടെ വീട്ടിൽ ഇരിക്കാൻ അനുവദിക്കാതെ ശല്യം ചെയ്യുകയാണ്‌. നന്ദൻ എസ്‌എഫ്‌ഐ പ്രവർത്തകനായതുകൊണ്ടാണ്‌ ഇതെന്ന്‌ അമ്പിളി പറഞ്ഞു.


ബംഗാളിൽ റാലിക്കുനേരെ ആക്രമണം


കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ വിവിധയിടങ്ങളിൽ എസ്‌എഫ്‌ഐ റാലിക്കുനേരെയും സിപിഐ എം ഓഫീസിനുനേരെയും ബിജെപി–പൊലീസ് ആക്രമണം. നോർത്ത്‌ 24 പർഗാനസിലെ ബിരാട്ടിയിൽ എസ്‌എഫ്‌ഐ റാലി പൊലീസ് സഹായത്തോടെ ആക്രമിച്ച ബിജെപി ക്രിമിനലുകൾ സ്‌റ്റേജ് അടിച്ചു തകർത്തു. ഇരുമ്പു ദണ്ഡും ട്യൂബ്‌ ലൈറ്റും കൊണ്ടുള്ള ആക്രമണത്തിൽ 15 എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ പരിക്കേറ്റു.


കണ്ണിനും തലയ്‌ക്കും പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്‌എഫ്‌ഐ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച്‌ ബിരാട്ടിയിലെ ബാനിക്‌ മോറിൽ പൊലീസ്‌ അനുമതിയോടെ നടത്തിയ പരിപാടിക്കുനേരെയാണ് ആക്രമണം. മഹാത്മാ ഗാന്ധിയുടെ ചിത്രമടക്കം നശിപ്പിച്ചു. എസ്‌എഫ്‌ഐ മുൻ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ദിപ്‌സിത ധറിനുനേരെ കസേര വലിച്ചെറിഞ്ഞു. സംഭവമറിഞ്ഞെത്തിയ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ശിബ ശങ്കർ ഘോഷിന്റെ തലയ്‌ക്കും ആക്രമണത്തില്‍ പരിക്കേറ്റു.


കണ്ണിന്‌ ഗുരുതര പരിക്കേറ്റ പ്രവര്‍ത്തകന്‍ ഉൾപ്പെടെ നാലുപേരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ആക്രമണം നടത്തിയ ബിജെപി പ്രവർത്തകരെ വിട്ടയച്ച പൊലീസ് കള്ളക്കേസ്‌ ചുമത്തി എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ആകാശ്‌ കറിനെ ജയിലിലടച്ചു. ദത്താപുകുറിലും ഹബ്രയിലും എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും ബിജെപിക്കാർ ആക്രമിച്ചു. സിപിഐ എം ഓഫീസ് അടിച്ചുതകർത്തു. എസ്എഫ്ഐ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിനുനേരെയാണ്‌ ആക്രമണമുണ്ടായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home