print edition വ്യാപാരക്കരാറുകളിൽ തിരക്കിട്ട് ഒപ്പിടില്ല: പിയൂഷ് ഗോയൽ

ന്യൂഡൽഹി
ഒരു രാജ്യവുമായും തിരക്കിട്ട് വ്യാപാരക്കരാറിൽ ഏർപ്പെടില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. യുഎസുമായും യൂറോപ്യൻ യൂണിയനുമായും വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പ്രഖ്യാപനം. ഇന്ത്യൻ താൽപ്പര്യങ്ങൾ നിയന്ത്രിച്ചുകൊണ്ടുള്ള പങ്കാളി രാജ്യങ്ങളുടെ ഉപാധികൾ തള്ളുമെന്നും ബർലിൻ ഗ്ലോബൽ ഡയലോഗിൽ മന്ത്രി പറഞ്ഞു.
വ്യാപാരക്കരാറുകൾ തീരുവയും വിപണി ലഭ്യതയും മാത്രമല്ല. വിശ്വാസനിർമാണവും ദീർഘകാല ബന്ധവും ആഗോളതലത്തിൽ വ്യാപാര സഹകരണത്തിനുള്ള ചട്ടക്കൂടുകൾക്ക് രൂപംനൽകലുമാണ്. ഇതൊരു ഹ്രസ്വകാല വിഷയമല്ല. അമേരിക്കയ്‌ക്ക് ഉരുക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട കാര്യം മാത്രവുമല്ല. യുഎസുമായി ചർച്ചകൾ തുടർന്നുവരികയാണ്. വാണിജ്യ സെക്രട്ടറി അമേരിക്ക സന്ദർശിച്ചിരുന്നു. യുഎസിലെ വാണിജ്യ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ചർച്ചകൾ പുരോഗമിക്കുന്നു. തുല്യവും നീതിയുക്തവുമായ കരാറിൽ എത്താനാകുമെന്നാണ് പ്രതീക്ഷ –മന്ത്രി പറഞ്ഞു.
മലേഷ്യയിൽ ഞായറാഴ്‌ച തുടങ്ങുന്ന അസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യാപാര കരാർ പ്രഖ്യാപിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. മലേഷ്യൻ സന്ദർശനം അവസാന നിമിഷം മോദി ഉപേക്ഷിച്ചതോടെ പ്രഖ്യാപനം നീളുമെന്നുറപ്പായി.










0 comments