സിജെപി സ്ഥാപകനെതിരെ ഇ ഡി, എൻഐഎ അന്വേഷണം വേണം; ഹർജിയുമായി ബിജെപി പ്രവർത്തകൻ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി), ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. കർണാടകയിലെ ബിജെപി പ്രവർത്തകനായ എസ് വിഘ്നേഷ് ശിഷിറാണ് ഹർജി നൽകിയത്.
കോക്രോച്ച് ജനതാ പാർടിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നതിനൊപ്പം സിജെപിയുടെ എല്ലാ സമൂഹികമാധ്യമ അക്കൗണ്ടുകളും ഉടനടി ബ്ലോക്ക് ചെയ്യണമെന്നും എക്സ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകൾ റദ്ദാക്കാൻ അടിയന്തര ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു. നേരത്തെയും ഇത്തരം ഹർജികൾ നൽകിയ വാർത്തയിൽ ഇടംപിടിച്ചയാളാണ് വിഘ്നേഷ്. രാഹുൽ ഗാന്ധിക്കെതിരെ ബ്രിട്ടീഷ് പൗരത്വം ആരോപിച്ച് അടക്കം നിരവധി ഹർജികൾ നൽകിയിരുന്നു.
സംഘപരിവാർ അജണ്ടകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിരോധം തീർത്തതോടെ എതിർശബ്‌ദം ഉയർത്തുന്നവരെ പാകിസ്ഥാൻ ബന്ധം ആരോപിച്ച് ആക്രമിക്കുന്ന കുതന്ത്രം കോക്രോച്ച് ജനതാ പാർടിക്കെതിരെയും ബിജെപി പുറത്തെടുത്തിരുന്നു. സംഘപരിവാർ വിരുദ്ധ നിലപാടുള്ള സിജെപിയെ പിന്തുടരുന്നവർ പാകിസ്ഥാനികളാണെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ആക്ഷേപിച്ചത്. പാകിസ്ഥാനിൽനിന്നും ജോർജ് സോറോസ് ഗ്യാങ്ങിൽനിന്നും സമൂഹമാധ്യമങ്ങളിൽ പിന്തുണ തേടുന്നവരോട് എനിക്ക് കടുത്ത സഹതാപമേയുള്ളെന്ന് റിജിജു എക്‌സിൽ കുറിച്ചു. രാജ്യവിരുദ്ധ സംഘങ്ങളുടെ അംഗീകാരം തേടേണ്ട ആവശ്യവുമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം കോക്രോച്ച് ജനതാ പാർടFയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ഉടനടി പുനഃസ്ഥാപിക്കാൻ ഉത്തരവിടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ച 'എക്സ് കോർപ്പറേഷന്റെ' നടപടിക്കെതിരെ പാർട്ടി സമർപ്പിച്ച അടിയന്തര ഹർജി കോടതി നിരസിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് എക്സ് കോടതിയെ അറിയിച്ചു.





0 comments