ad
Deshabhimani

പെട്രോൾ ഡീസൽ വിലവർധനയ്ക്കൊരുങ്ങി കേന്ദ്രം; അവശ്യ വസ്തുക്കളുടെ വിലയും കുത്തനെ ഉയരും, പ്രതിസന്ധി

Crude oil.jpg
വെബ് ഡെസ്ക്

Published on May 07, 2026, 04:39 PM | 1 min read

ന്യൂഡൽഹി: പാചകവാതക ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിൽ പൂർണമായും പരാജയപ്പെട്ട കേന്ദ്രസർക്കാർ പ്രതിസന്ധിയുടെ മുഴുവൻ ഭാരവും ജനങ്ങളുടെ തലയിൽ കെട്ടിവെച്ചതിന് പിന്നാലെ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ, പെട്രോൾ, ഡീസൽ വിലയും വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അവശ്യവസ്തുക്കളുടെ കൂടി വില കുത്തനെ ഉയരാനാണ് ഇതിടയാക്കുക. ഇതോടെ ഹോട്ടൽ വ്യവസായം കൂടുതൽ ബുദ്ധിമുട്ടിലാകും.


സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിലിണ്ടർ ലഭ്യത കുറഞ്ഞപ്പോൾ പല ഹോട്ടലുകളും പ്രവർത്തനസമയവും ഭക്ഷ്യവിഭവങ്ങളുടെ എണ്ണവും കുറച്ച്‌ നടത്തിക്കൊണ്ടുപോകാൻ നോക്കിയെങ്കിലും പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഉണ്ടായത്. കരിഞ്ചന്തയിൽനിന്ന്‌ സിലിണ്ടർ വാങ്ങിയാണ്‌ പലരും ഹോട്ടലുകൾ നടത്തിയത്‌. ഇതനുസരിച്ചുള്ള വരുമാനം തിരികെ കിട്ടിയില്ലെങ്കിൽ‌ പോലും ഹോട്ടൽ അടച്ചുപൂട്ടുന്നതിനേക്കാൾ നല്ലത് തുറന്നുപ്രവർത്തിക്കുന്നതാണ് എന്ന പശ്ചാത്തലത്തിലാണ് പല ഹോട്ടലുകളും നഷ്ടം സഹിച്ചു തുറന്നത്. അപ്പോഴും, ചെറിയ ഹോട്ടലുകൾ പലതും അടച്ചുപൂട്ടി. എന്നാൽ, ഇപ്പോൾ സിലിണ്ടറിന്‌ മൂവായിരത്തിലധികം രൂപയായതോടെ കരിഞ്ചന്തയിൽ 7000 രൂപവരെ വില ഉയർന്നതോടെ ഹോട്ടൽ നടത്താൻ കഴിയാത്ത സ്ഥിതിയാണ്.


ഭക്ഷണവില ഉയർത്താൻ ഉടമകൾ നിർബന്ധിതരായതോടെ ഭാരം ജനങ്ങൾക്കുമേലായിരിക്കുന്നു. കടുത്ത വേനലിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക്‌ ഭക്ഷണത്തിനും വെള്ളത്തിനും ഹോട്ടലുകളെ ആശ്രയിക്കാൻപോലും കഴിയാത്തവിധം വിലക്കയറ്റം രൂക്ഷമാകുകയാണ്‌. അതിഥിത്തൊഴിലാളികളാകട്ടെ നഗരത്തിലെ ഉയർന്ന ഭക്ഷണവില താങ്ങാനാകാതെ ഗ്രാമങ്ങളിലേക്ക്‌ തിരിച്ചുപോകാൻ നിർബന്ധിതരാകുകയാണ്‌.


രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ വില താഴുമ്പോൾ നിരക്ക്‌ കുറയ്‌ക്കാൻ തയ്യാറാകാത്ത എണ്ണക്കമ്പനികൾ, കൂടുമ്പോൾ അത്‌ അവസരമാക്കി വില കുത്തനെ ഉയർത്തുകയാണ്‌. കേന്ദ്ര ബിജെപി സർക്കാരിന്റെ ഇഷ്‌ടക്കാരായ സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മർദംകൂടിയാകുമ്പോൾ പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വലിയ വിലവർധനയ്‌ക്ക്‌ കേന്ദ്രം പച്ചക്കൊടി കാട്ടുകയാണ്. പാചകവാതക ഇറക്കുമതിക്ക്‌ ബദൽമാർഗം തേടാൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കാതിരുന്നതിന് പിന്നാലൊയാണ് പെട്രോൾ ഡീസൽ എന്നിവയ്ക്കും വിലനവർധിപ്പിക്കാനൊരുങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home