‘ജനാധിപത്യം വീണ്ടെടുക്കുക’; എസ്ഐആറിനെതിരെ നാളെ ജനകീയ പ്രതിഷേധം

ന്യൂഡൽഹി : എസ്ഐആർ പിൻവലിക്കണമെന്നും ഗ്യാനേഷ് കുമാർ രാജിവക്കണമെന്നും ആവശ്യപ്പെട്ട് ഒനാളെ രാജ്യവ്യാപകമായി ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്ന് പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ (PA-SIR). ജനാധിപത്യം വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലും സംസ്ഥാന തലസ്ഥാനങ്ങളിലും ന്യൂഡൽഹിയിലുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എല്ലാ പൗരന്മാരോടും ദേശീയ പതാകയേന്തി മാർച്ചിൽ പങ്കെടുക്കാൻ സംഘടന ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുക, എസ്ഐആർ പിൻവലിക്കുക, അർഹരായ എല്ലാ പൗരന്മാരുടെയും വോട്ടവകാശം ഉറപ്പാക്കുക, 2023ലെ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമത്തിൽ ഭേദഗതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ജനകീയ പോരാട്ടം തുടരുമെന്നും പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ വിവിധ ജനകീയ സംഘടനകളും തൊഴിലാളി-കർഷക സംഘടനകളും സാമൂഹിക കൂട്ടായ്മകളും മാർച്ചിൽ അണിനിരക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ കൂട്ടായ്മയിൽ ഇതുവരെ 300ലേറെ സംഘടനകൾ ചേർന്നതായും ഏകദേശം 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധം നടക്കുമെന്നും സംഘാടകർ അറിയിച്ചു.
കർഷകർ, തൊഴിലാളികൾ, ദിവസവേതനക്കാർ, വ്യാപാരികൾ, സംരംഭകർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, അധ്യാപകർ, ജീവനക്കാർ, കലാകാരന്മാർ, സ്ത്രീകൾ, യുവാക്കൾ, വിദ്യാർഥികൾ, ആദിവാസികൾ, ദലിതർ, ന്യൂനപക്ഷങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് പ്രതിഷേധത്തിന്റെ പ്രധാന ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു.
ന്യൂഡൽഹിയിലെ ജന്തർ മന്തറിനെ സമാധാനപരമായ പ്രതിഷേധങ്ങൾക്കുള്ള കേന്ദ്രമായി പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധം നടത്താനുള്ള സ്ഥലമെന്ന നിലയിൽനിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഡൽഹിയിൽ നാളെ ഉച്ചയ്ക്ക് ഒന്നിന് ഗുരുദ്വാര ബംഗ്ലാ സാഹിബ്, ഗോൾ ഡാക് ഖാന, ഗോൾ മാർക്കറ്റ് എന്നിവിടങ്ങൾക്ക് സമീപം പ്രതിഷേധക്കാർ ഒത്തുചേരും. തുടർന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി ജനകീയ പാർലമെന്റ് സംഘടിപ്പിക്കാനാണ് തീരുമാനം. പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആറിന്റെ അഖിലേന്ത്യാ ഏകോപന സമിതിയുടെ മീഡിയ വിങ്ങാണ് പ്രസ്താവന പുറത്തിറക്കിയത്.









0 comments