പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി; നിർണാക തീരുമാനവുമായി ആർബിഐ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ (പി പി ബി എല്‍ ) ബാങ്കിങ് ലൈസൻസ് റദ്ദാക്കിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ ഭരണനിർവഹണത്തിലും പ്രവർത്തന രീതികളിലും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ തുടർച്ചയായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഈ കടുത്ത നടപടി.
2022 മുതൽ ബാങ്കിനെതിരെ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ആർബിഐ, ഒടുവിൽ എല്ലാ ബാങ്കിങ് പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം, ബാങ്കിന് നിലവിലുള്ള ബാധ്യതകൾ തീർക്കാനും ഉപഭോക്താക്കളുടെ പണം തിരികെ നൽകാനും ആവശ്യമായ ഫണ്ട് ലഭ്യമാണെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്.
ഇതോടെ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനോ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനോ ബാങ്കിന് സാധിക്കില്ല. നിയന്ത്രണങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നതിൽ ബാങ്ക് പരാജയപ്പെട്ടതാണ് ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്.
ബാങ്കിന്റെ കെവൈസി മാനദണ്ഡങ്ങൾ, ഐടി സുരക്ഷ, ബാങ്കിങ് ചട്ടങ്ങൾ എന്നിവയിൽ ഗുരുതരമായ പാളിച്ചകൾ ആർബിഐ കണ്ടെത്തിയിരുന്നു. നേരത്തെ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതാണ് ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിച്ചത്. 2015-16 കാലയളവിൽ 'നിഷ് ബാങ്കുകൾ' എന്ന നിലയിൽ പേയ്‌മെന്റ് ബാങ്കുകൾക്ക് ലൈസൻസ് നൽകിത്തുടങ്ങിയ ശേഷം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലൈസൻസ് റദ്ദാക്കുന്ന ആദ്യത്തെ പേയ്‌മെന്റ് ബാങ്കാണ് പേടിഎം
എന്തുകൊണ്ട് ലൈസൻസ് റദ്ദാക്കി?
ബാങ്കിന്റെ ഇടപാടുകൾ നിക്ഷേപകരുടെ താൽപ്പര്യങ്ങളെ ഹനിക്കുന്ന രീതിയിലാണെന്ന് ആർബിഐ കണ്ടെത്തി.
ബാങ്ക് മാനേജ്‌മെന്റിന്റെ പൊതുവായ പ്രവർത്തനരീതി പൊതുജന താൽപ്പര്യത്തിനും നിക്ഷേപകർക്കും ദോഷകരമാണ്.
ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമുള്ള നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു. ലൈസൻസ് നൽകുമ്പോൾ മുന്നോട്ടുവെച്ച വ്യവസ്ഥകൾ ബാങ്ക് ലംഘിച്ചു.
ബാങ്ക് പ്രവർത്തനം തുടരുന്നത് കൊണ്ട് പൊതുജനത്തിന് പ്രത്യേക ഗുണമൊന്നുമില്ലെന്നും ആർബിഐ നിരീക്ഷിച്ചു.
നിയന്ത്രണങ്ങൾ തുടങ്ങിയത് എപ്പോൾ?
ലൈസൻസ് റദ്ദാക്കൽ പെട്ടെന്നുണ്ടായ ഒരു നടപടിയല്ല. ഇതിന് മുൻപ് തന്നെ പല ഘട്ടങ്ങളിലായി ആർബിഐ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു
2022 മാർച്ച് 11: പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് തടഞ്ഞു.
2024 ജനുവരി, ഫെബ്രുവരി: നിലവിലുള്ള അക്കൗണ്ടുകളിലും വാലറ്റുകളിലും പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും ടോപ്പ്-അപ്പുകൾ നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി.
നിക്ഷേപകരുടെ പണം സുരക്ഷിതമാണോ?
നിക്ഷേപകർക്ക് നൽകാനുള്ള മുഴുവൻ തുകയും തിരികെ നൽകാൻ ആവശ്യമായ പണം പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പക്കലുണ്ട്.
ബാങ്ക് അടച്ചുപൂട്ടുന്ന നടപടിക്രമങ്ങൾക്കിടയിൽ, നിയമപരമായ ചട്ടങ്ങൾ പാലിച്ച് ഉപഭോക്താക്കൾക്ക് പണം തിരികെ ലഭിക്കും.










0 comments