നടൻ പാർഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവ്

Parthiban Radhakrishnan, Image credit: facebook
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ പാർഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്നാട് സർക്കാരിനോട് സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുപാലിക്കാത്ത സാഹചര്യത്തിൽ പാർഥിപന് കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ജാതി, മത രഹിത സർട്ടിഫിക്കറ്റിനായി മാർച്ച് 20ന് താൻ അപേക്ഷിച്ചെങ്കിലും അധികൃതർ നൽകാൻ വിമുഖത കാട്ടുന്നുവെന്നാരോപിച്ചാണ് പാർഥിപൻ കോടതിയിൽ ഹർജി സമർപ്പിച്ചത്. പതിനൊന്നാം ക്ലാസ് വരെ പഠിച്ച താൻ സർട്ടിഫിക്കറ്റുകൾ വാങ്ങാതെതന്നെ പഠനം നിർത്തി. അതിനാൽ ജാതിയും മതവും വെളിപ്പെടുത്തുന്ന ജനന സർട്ടിഫിക്കറ്റോ സ്കൂൾ സർട്ടിഫിക്കറ്റോ കൈവശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ജാതിയും മതവും ഉപേക്ഷിച്ചുവെന്നും തന്റെ സിനിമകളിലൂടെയും ജീവിതത്തിലൂടെയും മതരഹിത സമൂഹത്തിനായി വാദിക്കുന്ന വ്യക്തിയാണെന്നും പാർഥിപൻ കോടതിയെ അറിയിച്ചു. സ്കൂൾ പ്രവേശനം ഉൾപ്പെടെ പലവിധ ആവശ്യങ്ങൾ പരിഗണിച്ച് മകനും മകൾക്കും ജാതിസർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്. എന്നാൽ, അവർ ഇപ്പോൾ പ്രായപൂർത്തിയായതിനാൽ ഇഷ്ടമുള്ള ഏത് മതവും സ്വീകരിക്കാനോ ജാതിയും മതവും വേണ്ടെന്നുവെക്കാനോ സ്വാതന്ത്ര്യമുണ്ടെന്ന് പാർഥിപൻ വ്യക്തമാക്കി. ജാതിവ്യവസ്ഥ ഹിന്ദുമതത്തിൽ മാത്രമാണെന്നും ക്രിസ്തുമതം, ഇസ്‌ലാം മതം, ബുദ്ധമതം, സിഖ് മതം തുടങ്ങിയവയിലൊന്നും ഇത് നിലവിലില്ലെന്നും പാർഥിപൻ ചൂണ്ടിക്കാട്ടി.










0 comments