Deshabhimani

print edition ഓരോ മിനിറ്റിലും ഓരോ പോസ്റ്റ്‌ നീക്കുന്നു; 5 മാസത്തിൽ 
വെട്ടിയത്‌ 2 ലക്ഷം

Social media.jpg
avatar
സ്വന്തം ലേഖകൻ

Published on Aug 19, 2026, 01:00 AM | 1 min read

ന്യൂഡൽഹി : രാജ്യം കടന്നുപോകുന്നത്‌ ഡിജിറ്റൽ അടിയന്തരാവസ്ഥയിലൂടെയെന്ന്‌ വ്യക്തമാകുന്ന റിപ്പോർട്ട്‌ പുറത്ത്. സമൂഹമാധ്യമങ്ങളിൽനിന്ന്‌ ഓരോ മിനിറ്റിലും ഓരോ പോസ്റ്റ്‌ വീതം സർക്കാർ നീക്കുന്നുവെന്ന വിവരം പുറത്തുവന്നു. പ്രതിദിനം 1,275 പോസ്റ്റുകളിലാണ്‌ സർക്കാർ സെൻസറിങ്‌. മാർച്ച്‌ മുതൽ ജൂലൈ വരെ അഞ്ചുമാസക്കാലയളവിൽ 1.95 ലക്ഷം ഉള്ളടക്കം നീക്കാനായി സർക്കാർ സമൂ‍ഹമാധ്യമങ്ങളോട്‌ ഉത്തരവിട്ടു.


ഇൻസ്റ്റഗ്രാം, ഫെയ്സ്‌ബുക്ക്‌, യുട്യൂബ്‌ എന്നീ സമൂഹമാധ്യമങ്ങൾക്ക്‌ നൽകിയ നിർദേശപ്രകാരമുള്ള കണക്ക്‌ ‘ദ ഇന്ത്യൻ എകസ്‌പ്രസ്‌’ ആണ്‌ പുറത്തുവിട്ടത്‌. 2024 ഒക്‌ടോബർ മുതൽ 2025 ഒക്‌ടോബർ വരെയുള്ള ഒരു വർഷക്കാലയളവിൽ 19 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക്‌ 2,312 വിലക്ക്‌ നിർദേശങ്ങൾ മാത്രമാണ്‌ സർക്കാർ നൽകിയിരുന്നത്‌. ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള സഹ്-യോഗ്‌ പോർട്ടൽ വഴിയാണ്‌ ഉത്തരവുകളിൽ ഭൂരിഭാഗവും നൽകിയത്‌. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട്‌ നടന്ന വിദ്യാർഥി പ്രക്ഷോഭക്കാലയളവിലാണ്‌ കടുംവെട്ട്‌. കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരെയുള്ള ആശയപ്രചാരണത്തിന്‌ വിദ്യാർഥികൾ ഉപയോഗിച്ച ഇൻസ്റ്റഗ്രാമിനാണ്‌ കൂടുതൽ വിലക്ക്‌ ഉത്തരവുകൾ ലഭിച്ചത്‌.


ഒരുലക്ഷം ഉള്ളടക്കം നീക്കംചെയ്യാൻ അഞ്ചുമാസത്തിനുള്ളിൽ ഭരണകൂടം ഇൻസ്റ്റയോട്‌ ആവശ്യപ്പെട്ടു. ഫെയ്‌സ്‌ബുക്കിന്‌ 80,000, യുട്യൂബിന്‌ 15,000 എന്നിങ്ങനെയാണ്‌ വിലക്ക്‌ ഉത്തരവുകൾ ലഭിച്ചത്‌. സമൂഹമാധ്യമ അക്ക‍ൗണ്ടുകൾ നീക്കാനുള്ള നിർദേശങ്ങളും ഇതിൽപ്പെടും. ജന്തർമന്തർ പ്രക്ഷോഭത്തിൽ സുപ്രധാന പങ്കുവഹിച്ച എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റ അക്ക‍ൗണ്ടും പൂട്ടിച്ചു. പ്രധാൻ രാജിവെച്ചശേഷവും സമൂഹമാധ്യമ വിലക്ക്‌ തുടരുകയാണ്‌. ജൂലൈ ഇരുപതിന്റെ പാർലമെന്റ്‌ മാർച്ചിൽ ഡൽഹി പൊലീസും കേന്ദ്രസേനകളും അഴിച്ചുവിട്ട ക്രൂരമർദനത്തിന്റെ വീഡിയോകൾ നീക്കി. സമൂ‍ഹമാധ്യമങ്ങളിൽ നിന്ന്‌ ഉള്ളടക്കം നീക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്രസർക്കാർ ഇ‍ൗയിടെ കടുപ്പിച്ചിരുന്നു. ഉത്തരവ്‌ ലഭിച്ചാൽ മൂ‍ന്ന്‌ മണിക്കൂറിനകം ഉള്ളടക്കം നീക്കണമെന്നാണ്‌ പുതിയ നിയമം. ഇതുപ്രകാരം, പരിശോധനയൊന്നുമില്ലാതെ ഉള്ളടക്കങ്ങൾ നീക്കാനുള്ള സംവിധാനങ്ങൾ മെറ്റ സ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home