സുപ്രീംകോടതിയിലെ ഒബിസി സംവരണം സ്വാഗതം ചെയ്‌ത് സിപിഐ എം

ന്യൂഡൽഹി
സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) സംവരണം ഏർപ്പെടുത്തിയ തീരുമാനത്തെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ സ്വാഗതം ചെയ്‌തു.
ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ, സ്വതന്ത്ര്യസമര സേനാനികളുടെ ആശ്രിതർ എന്നിവർക്കും സംവരണാനുകൂല്യം ബാധകമാക്കി. നോൺ ജുഡീഷ്യൽ സ്‌റ്റാഫ് നിയമനങ്ങളിൽ പട്ടിക ജാതിക്കാർക്കും പട്ടിക വർഗക്കാർക്കുമായിറോസ്റ്റർ സംവിധാനം നടപ്പിലാക്കാൻ ചീഫ് ജസ്‌റ്റിസ് തുടക്കമിട്ടതും സുപ്രധാന നീക്കമാണ്. നിയമന ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മുൻകൈയെടുത്ത ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായിയെ പാർടി അഭിനന്ദിച്ചു.
ഇതുവരെ സംവരണം ലഭിച്ചിട്ടില്ലാത്ത മേഖലകളിലേക്കും സംവരണം വ്യാപിപ്പിക്കണമെന്ന സാമൂഹിക നീതി പ്രസ്ഥാനങ്ങളുടെ ദീർഘകാല ആവശ്യം ഭാഗികമായി നിറവേറ്റുന്ന അഭിനന്ദനാർഹമായ തീരുമാനമാണിതെന്നും പിബി -പ്രസ്‌താവനയിൽ പറഞ്ഞു.










0 comments