ad
Deshabhimani

ഡൽഹിയിലും രാജസ്ഥാനിലും താപനില 47 ഡിഗ്രിയിലേക്ക്; റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച് ഐഎംഡി

Delhi Extreme heat.jpg
വെബ് ഡെസ്ക്

Published on May 27, 2026, 07:32 AM | 1 min read

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയും രാജസ്ഥാനും ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും കടുത്ത ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയൊരു വിഭാഗം പ്രദേശങ്ങളും നിലവിൽ കടുത്ത ചൂടിലാണ്. പലയിടങ്ങളിലും പരമാവധി താപനില 44 ഡിഗ്രി മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നു.


വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഉഷ്ണതരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.


വിദർഭ, മധ്യപ്രദേശ് തുടങ്ങിയ മധ്യേന്ത്യൻ മേഖലകളിലും മെയ് 28 വരെ കടുത്ത ചൂട് അനുഭവപ്പെടും. രാത്രികാലങ്ങളിലും താപനില അസാധാരണമായി ഉയർന്നുതന്നെ നിൽക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.


ചൂട് കടുത്തതോടെ പ്രാദേശിക ഭരണകൂടങ്ങൾ ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും നിർദ്ദേശമുണ്ട്.


ഉത്തർപ്രദേശിലെ ബന്ദ പോലുള്ള പ്രദേശങ്ങളിൽ മുൻ ദിവസങ്ങളിൽ താപനില 48 ഡിഗ്രി വരെ എത്തിയിരുന്നു. മെയ് 29-ഓടെ പശ്ചിമ മേഖലയിലുണ്ടാകുന്ന വായുക്ഷോഭം മൂലം നേരിയ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെള്ളിയാഴ്ച മുതൽ ചൂടിന് നേരിയ ശമനമുണ്ടായേക്കും.


അതേസമയം, ഉത്തരേന്ത്യ ചൂടിൽ ഉരുകുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ ഇന്ത്യയിലും കാലവർഷത്തിന് മുന്നോടിയായുള്ള കനത്ത മഴ തുടരുകയാണ്.


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്ത 6-7 ദിവസങ്ങളിലും കേരളം, തമിഴ്‌നാട് എന്നിവടങ്ങളിൽ അടുത്ത 2-3 ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. കേരളത്തിൽ മെയ് 28 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home