സ്കൂളുകളിൽ റീൽസ് ചിത്രീകരണം വേണ്ട; കര്‍ശന നിര്‍ദേശവുമായി ഡൽഹി സർക്കാർ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്കൂളുകളിൽ റീൽസ് ചിത്രീകരണത്തിന് വിലക്കേർപ്പെടുത്തി ഡൽഹി സർക്കാർ. സ്കൂൾ സമയത്ത് അക്കാദമിക് പ്രവർത്തനങ്ങളല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്ന് പ്രധാനധ്യാപകർക്ക് വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കി. വിദ്യർത്ഥികൾക്ക് മാത്രമല്ല അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും വിലക്ക് ബാധകമാണെന്ന് സർക്കുലറിൽ പറയുന്നു.
ഇത്തരം ഹ്രസ്വ വീഡിയോകളുടെ ചിത്രീകരണം അക്കാഡമിക് പ്രവർത്തനങ്ങൾക്കോ സ്കൂളിന്റെ അച്ചടക്കത്തിനോ തടസമാകുമെന്ന ആശങ്കയെ തുടർന്നാണ് നടപടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്കൂൾ പരിസരങ്ങളിൽ വിനോദത്തിനായി ഹ്രസ്വ വീഡിയോകൾ നിർമ്മിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ക്ലാസ് സമയങ്ങളിലുള്ള ഇത്തരം പ്രവൃത്തികള്‍ സ്കൂൾ അധികൃതർ കർശനമായി നിരോധിക്കണമെന്നും ബുധനാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. വിദ്യാഭ്യാസത്തിനായിരിക്കണം മുൻഗണനയെന്നും സർക്കുലറിൽ പറയുന്നു. അതേസമയം, അക്കാദമിക, സാംസ്‌കാരിക, ബോധവത്കരണത്തിനുള്ള വീഡിയോ ചിത്രീകരണം അധ്യാപകരുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കാവുന്നതാണെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.










0 comments