ഡോക്ടർമാരും ജീവനക്കാരുമില്ല, അടച്ചിട്ട നിലയില്‍ ആശുപത്രി; ഫരീദാബാദിൽ യുവതി പാർക്കിങ് ഏരിയയിൽ പ്രസവിച്ചു

image : ETV Bharat
ഫരീദാബാദ് : സർക്കാർ ആശുപത്രിയിൽ നിന്ന് വൈദ്യസഹായം ലഭിക്കാതെ വന്നതോടെ ഫരീദാബാദിൽ യുവതി പാർക്കിങ് ഏരിയയിൽ പ്രസവിച്ചു.
ഹരിയാനയിലെ ഫരീദാബാദിൽ, സെക്ടർ മൂന്നിലെ ഫസ്റ്റ് റഫറൽ യൂണിറ്റ് ആശുപത്രിയിലാണ് സംഭവം. ബദോളി ഗ്രാമത്തിൽ നിന്നുള്ള ബാലേഷ് എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗർഭിണിയുമായി കുടുംബം ആശുപത്രിയിലെത്തിയപ്പോൾ പ്രധാന ഗേറ്റ് പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. തുടർന്ന് സഹായത്തിനായി ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും വിളിക്കാൻ ശ്രമിച്ചെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല.
സമയം കടന്നുപോകുന്തോറും സ്ത്രീയുടെ നില വഷളായി വന്നു. പരിഭ്രാന്തരായ വീട്ടുകാർ ആശുപത്രിയുടെ പിൻവശത്തുള്ള മറ്റൊരു ഗേറ്റിലൂടെ അകത്തുകടന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും അന്വേഷിച്ചു. എന്നാൽ സഹായമൊന്നും ലഭിക്കാതെ വന്നതോടെ യുവതി ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ പ്രസവിക്കുകയായിരുന്നു. വെളിച്ചം പോലും ഇല്ലാതിരുന്ന പാർക്കിങ് ഏരിയയിൽ മൊബൈൽ ഫോണിലെ ടോർച്ച് ഓണാക്കിയാണ് കുടുംബം സൗകര്യമൊരുക്കിയത്.
അമ്മയെയും നവജാത ശിശുവിനെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഡ്യൂട്ടി ക്രമീകരണങ്ങളിൽ ഗുരുതര വീഴ്ചകൾ വരുത്തിയതിനെ തുടർന്ന് ആശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.










0 comments