പതിനേഴുകാരി പ്രസവിച്ച നവജാത ശിശുവിനെ 40,000 രൂപയ്ക്ക് വിറ്റു, ആറ് പേര്ക്കെതിരെ കേസ്

മുംബൈ : മഹാരാഷ്ട്രയിൽ പതിനേഴുകാരി പ്രസവിച്ച കുഞ്ഞിനെ 40,000 രൂപയ്ക്ക് വിറ്റു. സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കുഞ്ഞിന്റെ അമ്മയുമുൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തു.
മഹാരാഷ്ട്രയിലെ നാലസോപാരയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയാവുകയായിരുന്നുവെന്ന വിവരവും ഇതോടെ പുറത്തുവന്നു. പെൺകുട്ടിയെ പീഡിപ്പിച്ച 22 കാരനായ യുവാവ്, അയൽവാസിയായ സ്ത്രീ, ഡോക്ടർ, കുട്ടിയെ ദത്തെടുത്ത ദമ്പതികൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 22 കാരനുമായി പ്രണയിത്തിലായ പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രസവിച്ചയുടൻ നവജാതശിശുവിനെ 40,000 രൂപയ്ക്ക് ദമ്പതികൾക്ക് വിറ്റു. വീട്ടിലെത്തിയ പെൺകുട്ടിക്ക് തിങ്കളാഴ്ച കഠിനമായ വയറുവേദന അനുഭവപ്പെടുകയും കുടുംബാംഗങ്ങൾ വസായ്-വിരാർ മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള തുലിഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെവെച്ച് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി പ്രസവിച്ച വിവരമറിയുന്നത്.
ആശുപത്രി അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവരുന്നത്.









0 comments